
യുക്രെയ്ൻ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യുദ്ധഭൂമി സന്ദർശനത്തെ വിമര്‍ശിച്ച് കോൺഗ്രസ്. മണിപ്പൂര്‍ കലാപവുമായി ചേര്‍ത്തുവായിച്ചാണ് കോണ്‍ഗ്രസ് എംപി ജയറാം രമേശ് നരേന്ദ്രമോദിയെ ഉന്നംവച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. പ്രധാനമന്ത്രിയുടെ മണിപ്പൂർ കലാപഭൂമി സന്ദർശനം യൂറോപ്പ് സന്ദർശനത്തിന് മുൻപോ ശേഷമോ എന്നായിരുന്നു ജയറാം രമേശിന്‍റെ ചോദ്യം.
"പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മണിപ്പൂർ മുഖ്യമന്ത്രി നീതി ആയോഗ് യോഗത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് മണിപ്പൂർ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ബിജെപി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുത്തിരുന്നു.
മണിപ്പൂരിലെ ജനങ്ങൾ ചോദിക്കുന്ന ലളിതമായ ചോദ്യം ഇതാണ്: 2023 മെയ് 3ന് രാത്രി തുടങ്ങിയ മണിപ്പൂരിലെ കലാപത്തിൻ്റെ സ്ഥിതിഗതികൾ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, നരേന്ദ്ര മോദിയുമായി ചർച്ച ചെയ്തോ? യുക്രെയ്‌നിലേക്കുള്ള യാത്രയ്ക്ക് മുമ്പോ ശേഷമോ മണിപ്പൂർ സന്ദർശിക്കാൻ എൻ. ബിരേൻ സിംഗ് നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നോ?” ജയറാം എഴുതി.
പ്രധാനമന്ത്രിയെ 'ദൈവം' എന്ന് പരിഹസിച്ചാണ് അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തത്. ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയും യുക്രെയ്ന്‍ പ്രസിഡൻ്റ് വൊളോഡിമർ സെലെൻസ്‌കിയും കൂടിക്കാഴ്ച നടത്തിയതിന് ഒരു മാസത്തിന് ശേഷമാണ് മോദിയുടെ കീവ് സന്ദർശനം.