
രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം സംഘടിപ്പിക്കുന്ന ദളിത് പ്രോഗ്രസ്സ് കോൺക്ലേവിൽ വികാരഭരിതനായി കോണഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ്. താൻ നിൽക്കുന്നത് വല്ലാത്ത മാനസികാവസ്ഥയിൽ. കാരണം തുറന്നു പറഞ്ഞാൽ വിവാദമായേക്കാം. ശത്രുക്കൾ കൂടിയേക്കാം. അതുകൊണ്ട് പ്രസംഗം എഴുതിക്കൊണ്ടാണ് വന്നതെന്നും കൊടിക്കുന്നിൽ സുരേഷ്.
സംവരണ മണ്ഡലത്തിൽ തുടർച്ചയായി ജയിക്കുക എളുപ്പമല്ലായിരുന്നു. എട്ട് തവണ ജയിക്കാൻ മറ്റാർക്കും സാധിച്ചിട്ടില്ല. പല തരത്തിലുള്ള ആക്രമണം നേരിട്ടു. താൻ മാത്രം തോൽക്കുമെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. തനിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ പിടിച്ചു നിൽക്കില്ലായിരുന്നു. ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ തന്നെ ഒഴിവാക്കണം എന്ന് നേതൃത്വത്തോട് അഭ്യർഥിച്ചിരുന്നു. എന്നാൽ താൻ നിന്നില്ലെങ്കിൽ ജയിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. പാർട്ടി അവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് മത്സരിച്ചതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. വി.ഡി. സതീശനും, രമേശ് ചെന്നിത്തലയും വേദിയിലിരിക്കെയാണ് കൊടിക്കുന്നിലിൻ്റെ പരാമർശം.
കൊടിക്കുന്നിൽ പറഞ്ഞത് ജീവിതാനുഭവത്തെക്കുറിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മത്സരിക്കേണ്ട എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ചേർത്തുനിർത്തി എന്നാണ് കൊടിക്കുന്നിൽ പറഞ്ഞത്. അദ്ദേഹത്തിന് എതിരെ സോഷ്യൽ മീഡിയ ക്യാമ്പയിൻ ഉണ്ടായിരുന്നു. അത് വ്യക്തിപരമായി അറിയാവുന്ന ആളാണ് താൻ. കഠിനാധ്വാനിയായ ആളാണ് കൊടിക്കുന്നിൽ. പ്രിയപ്പെട്ട സഹോദരനായാണ് കൊടിക്കുന്നിലിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺക്ലേവിൽ സർക്കാരിനെതിരായ വിമർശനവും സതീശൻ ഉന്നയിച്ചു. കേരളാ മോഡൽ എന്നൊക്കെ പറയുന്നത് വലിയ അഹങ്കാരമാണ്. എന്നാൽ അതൊക്കെ പോയി. സംസ്ഥാനത്ത് ദളിത് വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പദ്ധതികളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചു. അട്ടപ്പാടിയിൽ കുഞ്ഞുങ്ങൾ മരിക്കുന്നു. കേരളത്തിനും കേന്ദ്രത്തിനും പ്രൊജക്ടുകളിൽ മാത്രമാണ് താത്പര്യമെന്നും വിമർശനം. കേരളം കിഫ്ബി തുടങ്ങിയപ്പോൾ താൻ എതിർത്തു. കിഫ്ബിയുടെ അപകടം അന്നേ താൻ പറഞ്ഞിരുന്നു. അന്ന് രമേശ് ചെന്നിത്തലയായിരുന്നു പ്രതിപക്ഷ നേതാവെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഭരണഘടനാ ശിൽപി ഡോ. ഭീംറാവു അംബേദ്കറിൻ്റെ ത്യാഗപൂർണമായ ജീവിതം ഓർക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. ദളിത് സമൂഹം മാത്രമാണ് അദ്ദേഹത്തിന്റെ ജന്മവാർഷികം ആഘോഷിക്കുന്നത്. ജാതിക്കും മതത്തിനും അതീതമായി ആഘോഷിക്കപ്പെടേണ്ടയാളാണ് അംബേദ്കർ. എല്ലാവരും അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചിരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.