
സമസ്ത വേദിയിൽ എത്തിയതിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താൻ ആദ്യമായല്ല സമസ്തയുടെ പരിപാടിയിൽ പങ്കെടുക്കുന്നതെന്നും, പല ഘട്ടങ്ങളിലായി ഇവിടെ വന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മലപ്പുറം പട്ടിക്കാട് ജാമിഅ: നൂരിയ അറബിയയിലെ സെമിനാർ ഉദ്ഘാടനം ചെയ്യാനാണ് രമേശ് ചെന്നിത്തല എത്തിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ എന്നിവരും വേദിയിലുണ്ടായിരുന്നു.
സെമിനാറിന് എത്തിയ രമേശ് ചെന്നിത്തല ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്. മലപ്പുറത്ത് കെഎംസിസി നേതാവിൻ്റെ വീട്ടിൽ വെച്ചാണ് ചർച്ച നടത്തിയത്. നേതാക്കളുമായി നടത്തിയത് പതിവ് കൂടിക്കാഴ്ചയാണെന്നും, ലീഗ് എല്ലായ്‌പ്പോഴും തൻ്റെ കൂടെ ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ALSO READ: ക്ഷേത്രാചാരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് അഭിപ്രായം പറയാം; അത് രാഷ്ട്രീയത്തിന് വേണ്ടിയാകരുത്: വെള്ളാപ്പള്ളി നടേശൻ
രാജ്യത്ത് തെരഞ്ഞെടുപ്പ് സമയത്ത് വോട്ടിങ്ങ് മെഷീനിൽ കൃത്രിമം സൃഷ്ടിക്കുന്നതായും, തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ വേണമെന്ന് ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുതായും രമേശ് ചെന്നിത്തല പറഞ്ഞു. "ജനങ്ങളുടെ മനസ്സിൽ എപ്പോഴും ഉണ്ടാകേണ്ടത് ഇന്ത്യൻ ഭരണഘടന നിലനിൽക്കണം എന്നതാണ്. ജുഡീഷ്യറിയിൽ പോലും ജനങ്ങൾക്ക് വിശ്വാസ്യത ഇല്ലാതാകുന്നത് ആശങ്കാജനകമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമല്ല എന്ന് ആക്ഷേപം ഉയരുന്നു", രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.