"2019ലെ സർജിക്കൽ സ്ട്രൈക്കിൻ്റെ ആധികാരികതയിൽ സംശയം"; വിവാദ പരാമർശത്തിന് പിന്നാലെ മലക്കം മറിഞ്ഞ് ചന്നി

വിസ റദ്ദാക്കൽ, സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കൽ തുടങ്ങിയ നടപടികളൊന്നും ഫലപ്രദമല്ലെന്നും നേരത്തെ ചന്നി പറഞ്ഞിരുന്നു
"2019ലെ സർജിക്കൽ സ്ട്രൈക്കിൻ്റെ ആധികാരികതയിൽ സംശയം"; വിവാദ പരാമർശത്തിന് പിന്നാലെ മലക്കം മറിഞ്ഞ് ചന്നി
Published on

സർജിക്കൽ സ്ട്രൈക്കിനെതിരായ പരാമർശം വിവാദമായതിന് പിന്നാലെ തകിടം മറിഞ്ഞ് കോൺഗ്രസ് എംപിയും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരൺജിത്ത് സിങ് ചന്നി. ഈ നിർണായക സമയത്ത് കോൺഗ്രസ് കേന്ദ്ര സർക്കാരിനൊപ്പം നിൽക്കുന്നുണ്ടെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നുവെന്ന് ചന്നി നിലപാട് മാറ്റി. സർക്കാർ പാകിസ്ഥാൻ്റെ ജലവിതരണമോ വായുവോ അല്ലെങ്കിൽ എന്ത് തന്നെ തടസപ്പെടുത്തിയാലും ഞങ്ങൾ അതിനോടൊപ്പം ഒരു പാറ പോലെ നിൽക്കുന്നുവെന്ന് ചരൺജിത്ത് സിങ് ചന്നി പറഞ്ഞു.

നേരത്തെ ചന്നിയുടെ സർജിക്കൽ സ്ട്രൈക്ക് പരാമർശം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. 2019ലെ സർജിക്കൽ സ്ട്രൈക്കിൻ്റെ ആധികാരികത ചോദ്യം ചെയ്തുകൊണ്ടും പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ തിരിച്ചടിക്കാത്തതിനെ വിമർശിച്ചുകൊണ്ടും ചന്നി സംസാരിച്ചതാണ് വിവാദമായത്. കോൺഗ്രസ് വർക്കിങ് കമ്മിറ്റി മീറ്റിങ്ങിന് പിന്നാലെയായിരുന്നു പ്രസ് മീറ്റിൽ ചന്നിയുടെ പ്രസ്താവന.

പഹൽഗാം ആക്രമണത്തിന് പത്ത് ദിവസങ്ങൾക്ക് ശേഷവും സർക്കാർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ശക്തമായ നടപടികളെടുക്കണം, പാകിസ്ഥാനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ്. ഉടനടി നടപടിയെടുക്കുകയാണ് വേണ്ടതെന്നും ചന്നി പറഞ്ഞിരുന്നു. 2019ലെ പുൽവാമ ആക്രമണത്തിൻ്റെ ആധികാരികതയെ ചോദ്യം ചെയ്ത്, പാകിസ്ഥാനിൽ എവിടെയാണ് തിരിച്ചടിച്ചതെന്ന് ആർക്കും അറിയില്ലെന്നും സർജിക്കൽ സ്ട്രൈക്ക് നടത്തിയതായി പറയുന്നുണ്ട്, എന്നാൽ ആരും അത് കണ്ടിട്ടില്ലെന്നും ചന്നി ആരോപിച്ചിരുന്നു. വിസ റദ്ദാക്കൽ, സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കൽ തുടങ്ങിയ നടപടികളൊന്നും ഫലപ്രദമല്ലെന്നും ചന്നി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ നിരവധി ബിജെപി നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. സർജിക്കൽ സ്ട്രൈക്ക് നടത്തി എന്നാൽ ആരും കണ്ടില്ലെന്ന് പറഞ്ഞ് സൈന്യത്തെ അവഹേളിക്കുകയാണ് ചന്നി ചെയ്തതെന്ന് ബിജെപി വക്താവ് സി.ആർ. കേശവൻ പറഞ്ഞു. സർജിക്കൽ സ്ട്രൈക്കിൽ വിശ്വാസമില്ലെന്നും തെളിവ് വേണമെന്നും പറഞ്ഞ് സൈന്യത്തെ അപമാനിക്കുകയാണ്, കോൺഗ്രസ് സൈന്യത്തെയം വ്യോമസേനയെയും ചോദ്യം ചെയ്യുകയാണെന്നും ഡൽഹി മന്ത്രി മഞ്ജീന്ദർ സിങ് സിർസ പ്രതികരിച്ചു. പാകിസ്ഥാൻ തന്നെ സർജിക്കൽ സ്ട്രൈക്ക് ഉണ്ടാക്കിയ നാശനഷ്ടങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്, ഈ അവസരത്തിൽ പോലും കോൺഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും മഞ്ജീന്ദർ സിങ് വിമർശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com