
ഹരിയാന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിൽ അധികാരത്തിലെത്തും എന്ന പകൽ സ്വപ്നം കാണുകയാണ് കോൺഗ്രസ് എന്ന് നരേന്ദ്ര മോദി പറഞ്ഞു. ഹരിയാനയിലെ പൽവാൽ ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ സംസ്ഥാനത്തിൻ്റെ കഠിനാധ്വാന സംസ്‌കാരത്തെ പ്രശംസിച്ചുകൊണ്ടും പ്രധാനമന്ത്രി മോദി സംസാരിച്ചു.
"ഹരിയാന നമ്മെ കഠിനാധ്വാനം ചെയ്യാൻ പഠിപ്പിച്ചു. പക്ഷെ, കോൺഗ്രസ് ചെയ്യുന്നതെന്താണ്? അധ്വാനിക്കുകയുമില്ല, അധ്വാനിക്കുന്നവരെ അത് ചെയ്യാൻ അനുവദിക്കുകയുമില്ല. കോൺഗ്രസിൻ്റെ രാഷ്ട്രീയം തെറ്റായ വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുന്നു, അതേസമയം, ബിജെപിയുടെ രാഷ്ട്രീയം കഠിനാധ്വാനത്തിലും അതിൽ നിന്നും ലഭിക്കുന്ന ഫലത്തിലും കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്." നരേന്ദ്ര മോദി പറഞ്ഞു.
"ഏത് സർക്കാരാണോ കേന്ദ്രത്തിൽ അധികാരത്തിലുള്ളത്, ആ സർക്കാരിനെത്തന്നെ സംസ്ഥാനത്തിലും അധികാരത്തിലേറ്റുന്ന പാരമ്പര്യമാണ് ഹരിയാനയുടേത്." സംസ്ഥാനത്ത് ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കണം എന്ന് അഭ്യർഥിച്ചുകൊണ്ടാണ് നരേന്ദ്ര മോദി ഈ പ്രസ്താവന നടത്തിയത്.
മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ബിജെപി വിജയങ്ങളും നരേന്ദ്രമോദി ഉദ്ധരിച്ചു. ആ സംസ്ഥാനങ്ങളിൽ കപട വാഗ്ദാനങ്ങൾ നൽകി വോട്ടർമാരെ ആകർഷിക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും ജനങ്ങൾ തക്ക മറുപടി നൽകി. ഹരിയാനയിലും പാർട്ടിക്ക് ഇതേ വിധിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർട്ടിക്കുള്ളിലെ ചേരിപ്പോര് ദളിത് വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവർ വീക്ഷിക്കുകയാണ്. കോൺഗ്രസ് രാമക്ഷേത്ര നിർമാണത്തെ എതിർക്കുകയും തടസപ്പെടുത്തുകയും ചെയ്തു, ജമ്മു കശ്മീരിലെ ജനങ്ങൾക്ക് പൂർണമായ ഭരണഘടനാപരമായ അവകാശങ്ങൾ അനുവദിച്ചില്ലെന്നും പ്രസംഗത്തിൽ മോദി കൂട്ടിച്ചേർത്തു.
READ MORE :