
കണ്ണൂരിൽ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രാജിവയ്ക്കണം, ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണം, നടപടി വേണം എന്നിങ്ങനെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. പൊതുവേദിയില്‍ ദിവ്യ നവീന്‍ ബാബുവിനെ അവഹേളിക്കുമ്പോള്‍ തടയാതിരുന്ന ജില്ല കളക്ടര്‍ അരുണ്‍ കെ. വിജയനെതിരെ ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ല പഞ്ചായത്ത് ഓഫീസിലേക്കാണ് യൂത്ത് കോണ്‍ഗ്രസും യുവ മോര്‍ച്ചയും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചത്. ദിവ്യയുടെ രാജി ആവശ്യപ്പെട്ട് കരിങ്കൊടിയുമായി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ്, പ്രതീകാത്മകമായി അവരെ തൂക്കിലേറ്റുകയും ചെയ്തു. പൊലീസെത്തി ബലം പ്രയോഗിച്ചാണ് പ്രതിഷേധകരെ നീക്കിയത്. യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു.
ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് കരിങ്കൊടിയുമായാണ് യുവമോർച്ചയും പ്രതിഷേധത്തിനെത്തിയത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നവീൻ്റെ മൃതദേഹമുള്ള ആംബുലൻസ് തടഞ്ഞും പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പൊലീസ് ബലപ്രയോഗത്തിലൂടെ പ്രവർത്തകരെ മാറ്റിയാണ് ആംബുലൻസ് കടത്തിവിട്ടത്.
എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു കളക്ടറേറ്റില്‍ ജീവനക്കാരുടെ പ്രതിഷേധം. ജില്ല കളക്ടര്‍ അരുണ്‍ കെ. വിജയനെ ജീവനക്കാര്‍ തടഞ്ഞുവെച്ചു. കളക്ടര്‍ വേദിയിലിരിക്കവെയാണ് ദിവ്യ നവീനെ അവഹേളിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ക്ഷണിക്കപ്പെടാതെ ദിവ്യ വലിഞ്ഞുകയറി വന്നാണ് എഡിഎമ്മിനെ അധിക്ഷേപിച്ചതെന്നും മുദ്രാവാക്യം മുഴക്കിയായിരുന്നു കളക്ടറുടെ ചേംബറില്‍ പ്രതിഷേധം. പൊലീസെത്തിയാണ്, പ്രതിഷേധകരെ നീക്കി കളക്ടറെ മോചിപ്പിച്ചത്.
അതേസമയം, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി നവീൻ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് നവീനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീനെതിരെ ദിവ്യ ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു സംഭവം. ഇതിൽ മനം നൊന്താണ് അദ്ദേഹം ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകിട്ട് കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിലായിരുന്നു ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമർശിച്ചത്.