
ഉപതെരഞ്ഞെടുപ്പിന് കോൺഗ്രസ് തയ്യാറെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഉയർന്ന ഭൂരിപക്ഷത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കുമെന്ന് വേണുഗോപാൽ പറഞ്ഞു. എല്ലാ നേതാക്കളെ ഉൾക്കൊള്ളുമെന്നും പാർട്ടിയിൽ വിഭാഗീയതയില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
ഇന്ന് വയനാട്ടിൽ നടന്ന യോഗത്തിൽ കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളും എടുത്തിട്ടുണ്ട്. യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിക്കാൻ പ്രത്യേക കർമ്മപദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
കെപിസിസി പ്രസിഡൻ്റ് കെ.സുധാകരന്‍ MP, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവർ 6 കോർപ്പറേഷനുകളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതല ഏറ്റെടുക്കും. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലകളുടെ ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും നല്‍കി. ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിക്കുക എന്നതാണ് യോഗത്തിൻ്റെ പൊതു തീരുമാനം.
വിവിധ നഗരസഭകളുടെ തെരഞ്ഞടുപ്പ് ചുമതലകൾ വീതിച്ചുനൽകിയതിനു പുറമേ ജില്ലകളെ മൂന്ന് മേഖലകളായി വിഭജിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡൻ്റുമാര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. പ്രദേശികതലത്തിലെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളെ തുറന്നുകാട്ടി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു.