അന്‍വറിന് വഴങ്ങാതെ കോണ്‍ഗ്രസ്‍; നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥി

നിലമ്പൂരില്‍ 'അന്‍വർ എഫക്ട്' ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ ആവർത്തിക്കുമ്പോള്‍ തന്നെയാണ് സമ്മർദതന്ത്രങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന കോണ്‍ഗ്രസിന്‍റെ തീരുമാനം
അന്‍വറിന് വഴങ്ങാതെ കോണ്‍ഗ്രസ്‍; നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥി
Published on

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തില്‍ പി.വി. അൻവറിന്റെ സമ്മർദത്തിന് വഴങ്ങാതെ കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പില്‍ ആര്യാടൻ ഷൗക്കത്ത് തന്നെ യുഡിഎഫ് സ്ഥാനാർഥിയാകും എന്നാണ് പുറത്തുവരുന്ന വിവരം. അൻവറിന്റെ സമ്മർദത്തിന് പിന്നിൽ കോൺഗ്രസിലെ തന്നെ ഒരു വിഭാഗമാണെന്നാണ് സൂചന. യുഡിഎഫിന്‍റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടായേക്കും. 

നിലമ്പൂരില്‍ 'അന്‍വർ എഫക്ട്' ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ ആവർത്തിക്കുമ്പോള്‍ തന്നെയാണ് സമ്മർദതന്ത്രങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന കോണ്‍ഗ്രസിന്‍റെ തീരുമാനം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്നാണ് അന്‍വർ ആദ്യം മുതല്‍ ആവശ്യപ്പെടുന്നത്. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലും ജോയിയുടെ പേര് പറയാതെ ഇക്കാര്യം അന്‍വർ സൂചിപ്പിച്ചിരുന്നു. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അതൃപ്തി അന്‍വറിന്‍റെ വാക്കുകളില്‍ പ്രകടമായിരുന്നു. ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയാല്‍ അംഗീകരിക്കില്ലെന്നാണ് അൻവറിന്‍റെ നിലപാട്. എന്നാല്‍, ഇത്തരത്തിലുള്ള സമ്മർദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളുടെ തീരുമാനം.

യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനത്തില്‍ അഭിപ്രായം ചോദിക്കാന്‍ താന്‍ യുഡിഎഫിന്‍റെ ഭാഗമല്ലെന്നും മുന്നണി പ്രവേശനം വൈകുന്നതിൽ അണികൾക്ക് അതൃപ്തിയുണ്ടെന്നും അന്‍വർ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പിണറായിസത്തെയും' 'മരുമോനിസത്തെയും' തകർക്കാൻ ശേഷിയുള്ള ഒരു ജനകീയനായ സ്ഥാനാർഥി നിലമ്പൂരിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്. ജനങ്ങളുടെ ആഗ്രഹങ്ങളോട് ചേർന്ന് നിൽക്കുന്ന സ്ഥാനാർഥി വരണമെന്നും അൻവർ അഭിപ്രായപ്പെട്ടു. ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല സ്ഥാനം രാജി വെച്ചതെന്നും അന്‍വർ കൂട്ടിച്ചേർത്തു. സ്വയം മത്സര രംഗത്തേക്ക് എത്താനുള്ള സാധ്യതയും അന്‍വർ തളളിക്കളഞ്ഞില്ല. നിലമ്പൂരില്‍ സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് 'തള്ളുകയും വേണ്ട കൊള്ളുകയും വേണ്ട' എന്നായിരുന്നു അന്‍വറിന്‍റെ മറുപടി. 

ജൂൺ 19നാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 23ന് വോട്ടെണ്ണലും നടക്കും. പി.വി. അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com