
നാഷണൽ ഹെറാൾഡ് കേസിൽ ഇഡി കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ നാളെ രാജ്യ വ്യാപക പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ്. എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റ് ഓഫീസ് ഉൾപ്പടെയുള്ള കേന്ദ്ര സർക്കാരിൻ്റെ മറ്റു പ്രധാന ഓഫീസുകൾക്ക് മുൻപിലാണ് കോൺഗ്രസ് പ്രതിഷേധം നടത്തുക. നാഷ്ണൽ ഹെറാൾഡിൻ്റെ സ്വത്തുക്കൾ അന്യായമായി കണ്ടുകെട്ടിയതാണ്. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പോലെയുള്ള നേതാക്കളെ രാഷ്ട്രീയ പ്രേരിതമായി കുറ്റപത്രത്തിൽ ചേർത്തത് മോദി സർക്കാരിൻ്റെ ക്രൂര നടപടിയാണ്. സോണിയെയും രാഹുലിനെയും ഇഡി വേട്ടയാടുകയാണെന്നുമാണ് കോൺഗ്രസ് അരോപിക്കുന്നത്.
ഏപ്രില്‍ 16ന് ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു. ബിജെപിക്കെതിരായ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമാണ് ഈ പകപോക്കല്‍ രാഷ്ട്രീയം. കേസ് രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണ്. രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് ഇതിനെ നേരിടുമെന്നും ലിജു വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പുറമെ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ, സുമന്‍ ദുബെ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. കേസ് ഈമാസം 25ന് ഡൽഹി റൗസ് അവന്യൂ കോടതി പരിഗണിക്കും. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയയെ ഒന്നാം പ്രതിയാക്കിയും രാഹുല്‍ ഗാന്ധിയെ രണ്ടാം പ്രതിയാക്കിയുമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.