
ക്വീർ കമ്മ്യൂണിറ്റിക്കായി സംഘടന രൂപീകരിച്ച് കോൺഗ്രസിന് കീഴിലുള്ള ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്(എഐപിസി). 'LGBTQIA+ വെർട്ടിക്കൽ' എന്നാണ് LGBTQIA+ ആക്ടിവിസ്റ്റും ചരിത്രകാരനുമായ മരിയോ ഡി പെൻഹ തലവനായ സംഘടനക്ക് പേരിട്ടിരിക്കുന്നത്. പാർട്ടിയിലേക്ക് ക്വീർ പ്രാതിനിധ്യം കൊണ്ടുവരികയെന്നതാണ് സംഘടനാരൂപീകരണത്തിൻ്റെ ഉദ്ദേശ്യം. ഇതോടെ ക്വീർ കമ്മ്യൂണിറ്റിക്കായി സംഘടന തുടങ്ങുന്ന ആദ്യ ദേശീയ പാർട്ടിയായി കോൺഗ്രസ് മാറുമെന്ന് എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി പറഞ്ഞു.
“2021 മുതൽ തന്നെ ഞങ്ങൾ മഹാരാഷ്ട്രയിലെ LGBTQIA+ കമ്മ്യൂണിറ്റിയുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായി ആളുകൾക്ക് അവരുടേതായ ഇടം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് കോൺഗ്രസ് പോലുള്ളൊരു ദേശീയ പാർട്ടി കരുതിയതിൽ എനിക്ക് സന്തേഷമുണ്ട്. ക്വീർ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രവർത്തിക്കാനുള്ള ആഗ്രഹത്തോടെ ഞാൻ പ്രവീൺ ചക്രവർത്തിയെ സമീപിച്ചിരുന്നു. മറ്റൊരു അംഗീകൃത ദേശീയ രാഷ്ട്രീയ പാർട്ടിയിലും ഇപ്പോൾ ക്വീർ കമ്മ്യൂണിറ്റിക്ക് പ്രാതിനിധ്യം ഇല്ലാത്തതിനാൽ ഇതുപോലൊരു നീക്കം നടത്തിയതിൽ ഞാൻ അദ്ദേഹത്തോട് വളരെ കടപ്പെട്ടിരിക്കുന്നു,” 2019 മുതൽ എഐപിസിയുടെ ഭാഗമായിരുന്ന മരിയോ ഡി പെൻഹ പറഞ്ഞു. 2017-ലാണ് രാജ്യത്തെ ജോലിക്കാരായ പ്രൊഫഷണലുകൾ, സംരംഭകർ എന്നിവരുമായി സംവദിക്കാനും ഇടപഴകാനും എഐപിസി സ്ഥാപിതമായത്.
അതേസമയം സ്വവർഗാനുരാഗം ലൈംഗിക കുറ്റകൃത്യമാണെന്ന വാദവുമായെത്തിയിരിക്കുകയാണ് ദേശീയ മെഡിക്കൽ കമ്മീഷൻ. ബിരുദ മെഡിക്കൽ വിദ്യാർഥികൾക്കായി അവതരിപ്പിച്ച ഏറ്റവും പുതിയ പാഠപുസ്തകത്തിലാണ് സ്വവർഗാനുരാഗം ലൈംഗിക കുറ്റകൃത്യമാണെന്ന വിവാദ പരാമർശങ്ങൾ ഉള്ളത്. ഫെറ്റിഷിസം, സാഡിസം, വോയറിസം, എക്സിബിഷനിസം, ട്രാൻസ്‌വെസ്റ്റിസം, നെക്രോഫീലിയ എന്നിവയും പുതിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിരുദ വിദ്യാർഥികൾക്കുള്ള ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി പാഠപുസ്തകത്തിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
ഇതോടൊപ്പം കന്യാചർമത്തിന്റെ പ്രാധാന്യം, കന്യകാത്വം, നിയമസാധുത തുടങ്ങിയ മുമ്പ് നീക്കം ചെയ്ത ഭാഗങ്ങളും പുതിയ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2022 ൽ മദ്രാസ് ഹൈക്കോടതി നിർദേശത്തെ തുടർന്ന് മുമ്പ് ഈ വിഷയങ്ങൾ നീക്കം ചെയ്തിരുന്നു. സ്വവർഗാനുരാഗത്തെ ലൈംഗികകുറ്റകൃത്യങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇവയാണ് വീണ്ടും ഉൾപ്പെടുത്തിയിരിക്കുന്നത്.