
തൃശ്ശൂർ മേയർ എം.കെ. വർഗീസിനെ ചൊല്ലി എൽഡിഎഫിൽ അഭിപ്രായ ഭിന്നത രൂക്ഷമായതിന് പിന്നാലെ രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ്. സിപിഐയുമായി ഇടഞ്ഞു നിൽക്കുന്ന മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനും കോർപ്പറേഷനിൽ ഉടനീളം പ്രചാരണം നടത്താനുമാണ് ഡിസസിയുടെ തീരുമാനം. കോർപ്പറേഷൻ ഓഫീസിനു മുന്നിൽ ആരംഭിക്കുന്ന സമരം ഡിസിസി പ്രസിഡൻ്റ് വി കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും.
മേയർക്കെതിരെ സിപിഐ നേതൃത്വം തന്നെ രംഗത്തെത്തിയ സാഹചര്യത്തിൽ അവസരം മുതലാക്കി പുറത്തുചാടിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. സിപിഎമ്മിനുള്ളിലെ ഒരു വിഭാഗത്തിൻ്റെ പരോക്ഷ പിന്തുണ കൂടി സിപിഐക്കുള്ള സാഹചര്യത്തിലാണ് എം.കെ വർഗീസിനെതിരെ സമരം ആരംഭിക്കാനുള്ള കോൺഗ്രസിൻ്റെ തീരുമാനം. മാസത്തിലൊരിക്കൽ കൗൺസിൽ യോഗം വിളിക്കണം എന്ന ചട്ടം നിലനിൽക്കെ രണ്ട് മാസത്തിലേറെയായി യോഗം വിളിക്കാൻ കൂട്ടാക്കിയിട്ടില്ലെന്നാണ് മേയർക്കെതിരെ പ്രതിപക്ഷം ഉയർത്തുന്ന പ്രധാന ആരോപണം. ഇക്കാരണത്താൽ കോർപ്പറേഷനലാകെ ഭരണ പ്രതിസന്ധി രൂക്ഷമാണെന്ന് കാണിച്ചാണ് മേയറുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിന് തുടക്കമിടുന്നത്.
ഈ മാസം 22, 23, 24 തിയതികളിൽ കോർപ്പറേഷൻ സോണൽ ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ചും, 29,30, 31 തിയതികളിൽ മുഴുവൻ ഡിവിഷനുകൾ കേന്ദ്രീകരിച്ച് വാഹന പ്രചരണ ജാഥയും ആണ് സമരത്തിൻ്റെ ഭാഗമായി തീരുമാനിച്ചിരിക്കുന്നത്. അതേസമയം അവിശ്വാസ പ്രമേയത്തിന് ശ്രമിച്ചാൽ വിജയിക്കില്ലെന്ന ഉറപ്പുള്ളത് കൊണ്ടാണ് പരമാവധി രാഷ്ട്രീയ സമ്മർദം ചെലുത്തി സമരം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
തൃശൂർ , ഒല്ലൂർ നിയമസഭാ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന 55 ഡിവിഷനുകളാണ് തൃശ്ശൂർ കോർപ്പറേഷനിലുള്ളത്. മേയർ സഹിതം 25 അംഗങ്ങളുടെ പിന്തുണ എൽഡിഎഫിന് ഉള്ളപ്പോൾ 24 അംഗങ്ങളാണ് കോൺഗ്രസിന് ഉള്ളത്. അവിശ്വാസം പാസാക്കണമെങ്കിൽ 28 പേരുടെ പിന്തുണ വേണമെന്നിരിക്കെ തിടുക്കപ്പെട്ടുള്ള അത്തരം നീക്കങ്ങൾ തിരിച്ചടി ആയേക്കുമെന്നുള്ള വിലയിരുത്തലും ഇതിനോടകം കോൺഗ്രസ് നേതൃത്വം നടത്തിയിട്ടുണ്ട്.