"മയക്കുമരുന്ന് മാഫിയകളുമായി അഭേദ്യ ബന്ധം"; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി

കോൺഗ്രസിൻ്റേത് വിഭജന രാഷ്ട്രീയമെന്നും, പാർട്ടി ഭരിക്കുന്നത് അർബൻ നക്സലുകളെന്നും മോദി വിമർശിച്ചു
"മയക്കുമരുന്ന് മാഫിയകളുമായി അഭേദ്യ ബന്ധം"; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി
Published on

കോൺഗ്രസും മയക്കുമരുന്ന് മാഫിയകളുമായി അഭേദ്യ ബന്ധമെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മയക്കുമരുന്നിലൂടെ ലഭിക്കുന്ന പണമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്നത്. കോൺഗ്രസിൻ്റേത് വിഭജന രാഷ്ട്രീയമെന്നും, പാർട്ടി ഭരിക്കുന്നത് അർബൻ നക്സലുകളെന്നും മോദി വിമർശിച്ചു. യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഡെൽഹിയിൽ നടന്ന വൻ മയക്കുമരുന്നു വേട്ടയിലെ മുഖ്യപ്രതി ഒരു കോൺഗ്രസ് നേതാവാണ്. മയക്കുമരുന്ന് മാഫിയകളിലൂടെ ലഭിക്കുന്ന പണം കോൺഗ്രസ് തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്നുവെന്നും മഹാരാഷ്ട്രയിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി ആരോപിച്ചു.

കോൺഗ്രസിൻ്റേത് വിദേശ ചിന്താഗതിയാണ്. അർബൻ നക്സലുകളാണ് പാർട്ടിയെ നയിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിലെ പോലെയാണ് കോൺഗ്രസ് കുടുംബവും. അവർ ദളിതരെയും പിന്നാക്ക സമുദായങ്ങളെയും ആദിവാസികളെയും തുല്യരായി കാണുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സമുദായങ്ങളെ തമ്മിലടിപ്പിച്ചുകൊണ്ട് രാജ്യത്തിൻ്റെ വിഭജനമാണ് കോൺഗ്രസിൻ്റെ രാഷ്ട്രീയ അജണ്ട. അപകടകരമായ അജണ്ടയ്ക്കെതിരെ എല്ലാവരും അണിനിരക്കണമെന്നും മഹാരാഷ്ട്രയിൽ സംഘടിപ്പിച്ച റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായും സമാന ആരോപണമുയ‍ർത്തിയിരുന്നു. കോൺഗ്രസിൻ്റെ ലക്ഷ്യം യുവാക്കളെ മയക്കുമരുന്ന് ഉപഭോക്താക്കളാക്കി മാറ്റുകയാണ്. കോൺഗ്രസിൻ്റെ രാഷ്ട്രീയ സ്വാധീനം വെച്ചുള്ള ഇത്തരം അജണ്ടകൾ നിറവേറ്റാൻ മോദി സർക്കാർ സമ്മതിക്കില്ല. കോൺഗ്രസ് ഭരണകാലത്ത് പഞ്ചാബ്, ഹരിയാന തുടങ്ങിയ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ യുവാക്കളുടെ ഗതി എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ, മോദി സർക്കാറിൻ്റെ ലക്ഷ്യം യുവാക്കളെ കായികം, വിദ്യാഭ്യാസം, രാഷ്ട്രനവീകരണം തുടങ്ങിയ മേഖലകളിൽ പര്യാപ്തരാക്കുകയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ഡൽഹിയിൽ കഴിഞ്ഞ ദിവസമാണ് 5600 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയുണ്ടായത്. കേസിൽ ഇതുവരെ അഞ്ച് പേരെ ഡൽഹി പൊലീസ് പിടികൂടി. അന്വേഷണത്തിൽ 40 വയസുകാരനായ തുഷാർ ഗോയൽ ആണ് കേസിലെ പ്രധാന സൂത്രധാരനെന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ കോൺഗ്രസ് പ്രവർത്തകനാണെന്നും, കോൺഗ്രസ് പ്രവർത്തകരോടൊപ്പം നിൽക്കുന്ന ഫോട്ടോകളും കണ്ടെടുത്തതായും അന്വേഷണത്തില്‍ തെളിഞ്ഞു. കേസിലെ മുഖ്യപ്രതിയായ തുഷാർ ഗോയൽ 2021ൽ ഡൽഹി കോൺഗ്രസിന്റെ വിവരവകാശ സെൽ ചെയർമാൻ ആയിരുന്നെന്നാണ് റിപ്പോർട്ടുകൾ. തുഷാർ തന്നെയാണ് തനിക്ക് കോൺഗ്രസ് ബന്ധമുണ്ടെന്നത് വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ഒക്ടോബർ 17, 2022ന് ഇയാളെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് പുറത്താക്കിയതായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് വിശദീകരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com