സുൽത്താൻ ബത്തേരി സർവീസ് സഹകരണ ബാങ്ക് കെട്ടിട നിർമാണം; അഴിമതിയെന്ന് അന്വേഷണ റിപ്പോർട്ട്

കെട്ടിട നിർമാണത്തിന് പുറമെ നിയമനങ്ങളിലും, വായ്പ അനുവദിച്ചതിലും അഴിമതി നടന്നുവെന്ന് വിവരാവകാശ രേഖ
സുൽത്താൻ ബത്തേരി സർവീസ് സഹകരണ ബാങ്ക് കെട്ടിട നിർമാണം; അഴിമതിയെന്ന് അന്വേഷണ റിപ്പോർട്ട്
Published on

വയനാട് സുൽത്താൻ ബത്തേരി സർവീസ് സഹകരണ ബാങ്കിലെ കെട്ടിട നിർമാണത്തിൽ അഴിമതിയെന്ന് അന്വേഷണ റിപ്പോർട്ട്. കെട്ടിട നിർമാണത്തിന് പുറമെ നിയമനങ്ങളിലും, വായ്പ അനുവദിച്ചതിലും അഴിമതി നടന്നുവെന്ന് വിവരാവകാശ രേഖ. ബാങ്ക് 5 കോടി രൂപ നഷ്ടത്തിലാണെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.

സുൽത്താൻ ബത്തേരി സർവീസ് സഹകരണ ബാങ്കിലെ കെട്ടിട നിർമാണത്തിൽ 2019 ൽ ഓഡിറ്റ് റിപ്പോർട്ട്‌ വന്നിരുന്നെങ്കിലും അന്വേഷണം നടന്നിരുന്നില്ല. പിന്നീട് ബാങ്കിലെ എ ക്ലാസ്സ്‌ മെമ്പർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടത്. 1,46,11,220 രൂപയാണ് ഹെഡ് ഓഫീസ് നവീകരിക്കാൻ അനുവദിച്ചത്. എന്നാൽ 1,58,83,966 രൂപ കൂടി ഇതേ ആവശ്യത്തിനായി ഭരണസമിതി ബാങ്കിൽ നിന്നും ചെലവഴിച്ചു. 2022-2023 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ബാങ്ക് 5 കോടി രൂപ നഷ്ടത്തിലാണെന്നും ബാങ്കിന്‍റെ നിയമനങ്ങളിൽ ക്രമക്കേട് നടന്നെന്നും മതിയായ ഈടോ, രേഖകളോ ഇല്ലാതെ ഭരണസമിതി അംഗങ്ങൾക്കും, ബന്ധുക്കൾക്കും വായ്പകൾ നൽകി എന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഓഡിറ്റ് റിപ്പോർട്ടിൻറെയും, അസിസ്റ്റന്റ് രജിസ്ട്രാറിന്റെ അന്വേഷണ റിപ്പോർട്ടിൻറെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സുൽത്താൻ ബത്തേരി അസിസ്റ്റൻറ് രജിസ്ട്രാറിനെ നിയമിച്ചിരുന്നു. സുൽത്താൻ ബത്തേരി സഹകരണ ബാങ്കിലെ ഭരണ സമിതി റിപ്പോർട്ടിനെതിരെ ഹൈക്കോടതിയിൽ സ്റ്റേ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മെയ്‌ 28 വരെയായിരുന്നു സ്റ്റേ. എന്നാൽ, രണ്ടാം ഘട്ടത്തിൽ 4 മാസം കൂടി സ്റ്റേ ലഭിച്ചു. സെപ്റ്റംബർ 21 ന് ഭരണസമിതിയുടെ കാലാവധി അവസാനിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com