കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിർമാണം അനിശ്ചിതത്വത്തില്‍; സാങ്കേതിക തടസങ്ങളെന്ന് അധികൃതർ

സംസ്ഥാനത്ത് നിപ വൈറസ് റിപ്പോർട്ട് ചെയ്ത കാലത്ത് നിർമാണം തുടങ്ങിയതാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ബിഎസ്എൽ- 3 വൈറോളജി ലാബ്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിർമാണം അനിശ്ചിതത്വത്തില്‍; സാങ്കേതിക തടസങ്ങളെന്ന് അധികൃതർ
Published on

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമിക്കുന്ന ലെവൽ ത്രീ വൈറോളജി ലാബ് നിർമാണം വീണ്ടും അനിശ്ചിതത്വത്തിൽ. കോവിഡിനെ തുടർന്ന് രണ്ടുതവണ നിർമാണം മുടങ്ങിയ ലാബ് ഡിസംബറിൽ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും നിർമാണം ഇപ്പോഴും പാതിവഴിയിലാണ്. ഫണ്ട് ക്ഷാമം ഇല്ലെന്നും, സാങ്കേതിക തടസങ്ങളാണ് നിർമാണം നീളാൻ കാരണമെന്നുമാണ് മൈക്രോബയോളജി വിഭാഗം അധികൃതരുടെ വിശദീകരണം.

സംസ്ഥാനത്ത് നിപ വൈറസ് റിപ്പോർട്ട് ചെയ്ത കാലത്ത് നിർമാണം തുടങ്ങിയതാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ബിഎസ്എൽ- 3 വൈറോളജി ലാബ്. നിലവിൽ മെഡിക്കൽ കോളേജിലുള്ള ബിഎസ്എൽ- 2 ലാബിൽ നിപ അടക്കമുള്ള എല്ലാ ടെസ്റ്റുകളും ചെയ്യുന്നുണ്ടെങ്കിലും ഏറ്റവും ആധുനികവും സങ്കീർണവുമായ ലെവൽ ത്രീ ലാബ് വരുന്നതോടെ ടെസ്റ്റുകൾക്ക് കൂടുതൽ സൗകര്യവും സുരക്ഷിതത്വവും ലഭ്യമാകുമെന്നായിരുന്നു ആരോഗ്യവകുപ്പ് അറിയിച്ചത്. എന്നാൽ വർഷങ്ങൾക്കിപ്പുറവും ലാബ് നിർമാണം അനിശ്ചിതത്വത്തിലാണ്.

ഐസിഎംആർ അനുവദിച്ച അഞ്ചര കോടിയിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങള്‍ക്ക് 2019ൽ ഭരണാനുമതി ലഭിച്ചിരുന്നു. 11 കോടിയാണ് പുതുക്കിയ എസ്റ്റിമേറ്റ്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനാണ് ലാബിന്റെ നിർമാണ ചുമതല. കോവിഡിനെ തുടർന്ന് രണ്ട് തവണ മുടങ്ങിയ നിർമാണം 2021ൽ സിപിഡബ്ല്യുഡിയുടെ മേൽനോട്ടത്തിലാണ് പുനാരാരംഭിച്ചത്. എന്നാൽ സിപിഡബ്ല്യുഡി കൺസൽറ്റൻ്റ് ഐസിഎംആറിനെതിരെ കേസിന് പോയതോടെ നിർമാണത്തിനു കാലതാമസം നേരിട്ടു. ഇതിനു പിന്നാലെ ഐസിഎംആർ കൺസൽറ്റന്റ് രാജിവയ്ക്കുകയും ചെയ്തതോടെ നിർമാണം അനിശ്ചിതത്വത്തിലായി.

Also Read: ജല അതോറിറ്റിയുടെ എഡിബി പദ്ധതി: കരാറിൽ അഴിമതി ആരോപണവുമായി ഭരണ-പ്രതിപക്ഷ തൊഴിലാളി സംഘടനകൾ

ഫയർ ആൻഡ് സേഫ്റ്റി സംവിധാനങ്ങൾ ഒരുക്കാതെയാണു കെട്ടിടം നിർമിച്ചിരിക്കുന്നത്. അതേസമയം നിർമാണത്തിന് ഫണ്ടിൻ്റെ പ്രശ്നമില്ലെന്നും, ഡിസംബറോടെ ലാബ് നിർമാണം പൂർത്തിയാകുമെന്നും മൈക്രോബയോളജി വിഭാഗം അധികൃതർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com