
പെട്രോൾ പമ്പിൻ്റെ ശുചിമുറി തുറന്ന് കൊടുക്കാത്തതിന് ഒരുലക്ഷത്തി അറുപത്തി അയ്യായിരം രൂപ പിഴ ഈടാക്കാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി. പത്തനംതിട്ട ഏഴംകുളം സ്വദേശി എൽ. ജയകുമാരിയാണ് ഉപഭോക്തൃ കോടതിയിൽ സ്വയം വാദിച്ച് പിഴ ഈടാക്കിച്ചത്.
2024 മേയ് എട്ടിന് രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. കാസർകോട് നിന്നും പത്തനംതിട്ടയിലേക്ക് വരുന്ന വഴി കോഴിക്കോട് പയ്യോളിയിലെ പമ്പിൽ പെട്രോൾ അടിക്കാൻ കയറിയതായിരുന്നു ജയകുമാരി. പൂട്ടിയിട്ടിരുന്ന ശുചിമുറിയുടെ താക്കോൽ ആവശ്യപ്പെട്ടപ്പോൾ പമ്പ് ജീവനക്കാർ നൽകാൻ വിസമ്മതിച്ചു. താക്കോൽ മാനേജരുടെ കയ്യിലാണെന്നും അദ്ദേഹം വീട്ടിൽ പോയി എന്നുമായിരുന്നു മറുപടി. വീണ്ടും വീണ്ടും ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. തുടർന്ന് പയ്യോളി പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് എത്തി ബലമായി തുറന്നു നൽകുകയുമായിരുന്നു.
തുടർന്നാണ് ജയകുമാരി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്. കമ്മീഷൻ ഇരു കൂട്ടരെ വിളിച്ച് വിസ്തരിക്കുകയും ചെയ്തു. ഇതോടെ ചട്ടങ്ങൾ പ്രകാരമല്ല പമ്പ് പ്രവർത്തിക്കുന്നതെന്നും രാത്രി ഒരു സ്ത്രീക്ക് ഉണ്ടായ മാനസിക ശാരീരിക ബുദ്ധിമുട്ടുകളും കമ്മീഷൻ വിലയിരുത്തി. തുടർന്ന് ഒരു ലക്ഷത്തി അമ്പതിനായിരം രൂപ പിഴയും 15,000 രൂപ കോടതി ചെലവും ചേർത്ത് ആകെ 165,000 രൂപ പമ്പ് ഉടമ പിഴ അടയ്ക്കണമെന്നും വിധിക്കുകയായിരുന്നു.