
സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച് ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 145 പേർക്ക് ഡെങ്കിപ്പനിയും, തിരുവനന്തപുരത്ത് അഞ്ച് പേർക്കുകൂടി കോളറയും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം എട്ടായി.
നെയ്യാറ്റിൻകര കാരുണ്യ മിഷൻ ചാരിറ്റബിൾ സ്കൂൾ സൊസൈറ്റിയുടെ ഹോസ്റ്റലിലെ കൂടുതൽ പേർക്കും കോളറ സ്ഥിരീകരിച്ചെങ്കിലും രോഗത്തിൻ്റെ ഉറവിടം ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല. ഭിന്നശേഷിക്കാർക്കായുള്ള ഈ ഹോസ്റ്റലിൽ 14 പേരെ രോഗലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നു പേർക്ക് കോളറ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം വയറിളക്കവും ഛർദ്ദിയും ബാധിച്ച് ഹോസ്റ്റലിലെ അന്തേവാസിയായ അനു മരിച്ചിരുന്നു. എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ച 10 വയസുകരനിലാണ് ആദ്യം കോളറ കണ്ടെത്തിയത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ മലപ്പുറത്ത് എച്ച് വൺ എൻ വൺ ബാധിച്ചത് 12 പേർക്കാണ്. ഈ വർഷം ഇതുവരെ മുപ്പത് പേർക്കും ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചു. ഏഴ് ദിവസത്തിനിടെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് രോഗ വ്യാപനത്തിൻ്റെ സൂചന ആണെന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. വായുവിലൂടെ രോഗാണുക്കൾ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് എത്തും. അതുകൊണ്ട് തന്നെ കൂടുതൽ പേർക്ക് രോഗം ബാധിച്ചിട്ടുണ്ടാകാമെന്നും ജാഗ്രത പുലർത്തണമെന്നുമാണ് ആരോഗ്യ വകുപ്പിൻ്റെ നിർദേശം.