
അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നർ ആലപ്പുഴയിലും. കണ്ടയിനറുകൾ കരയിലേക്ക് അടിഞ്ഞിട്ടില്ല. കടലിൽ പൊങ്ങി നിൽക്കുകയാണ്. വലിയ അഴീക്കല്ലിന് സമീപം തറയിൽ കടവ് ഭാഗത്താണ് കണ്ടെയ്നർ കണ്ടെത്തിയത്. ജില്ലാ കളക്ടർ സ്ഥലം സന്ദർശിക്കും.
കൊല്ലം തീരത്ത് ഇതിനോടകം 23 കണ്ടെയ്നറുകൾ തീരത്തടിഞ്ഞിട്ടുണ്ട്. 24 കണ്ടെയ്നറുകൾ തീരത്തോട് ചേർന്ന് ഒഴുകി നടക്കുന്നതായും വിവരമുണ്ട്. ഇന്നലെ രാത്രിയോടെയാണ് ആലപ്പാട് ചെറിയഴീക്കൽ ഭാഗത്ത് ആദ്യ കണ്ടെയ്നർ അടിഞ്ഞത്.പിന്നീട് നീണ്ടകര പരിമണം, ശക്തി കുളങ്ങര മദാമ്മതോപ്പ് എന്നിവിടങ്ങളിലാണ് കണ്ടെനറുകൾ അടിഞ്ഞത്.
കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുതെന്നും അടുത്ത് പോകരുതെന്നുമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. അപ്പോൾ തന്നെ 112 വിൽ അറിയിക്കാനാണ് നിർദേശം. ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുതെന്നുമാണ് നിർദേശം.
640 കണ്ടെയ്നറുകളാണ് മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്നത്. ഇതില്‍ 13 എണ്ണത്തിൽ ഹാനികരമായ വസ്തുക്കളും 12 എണ്ണത്തിൽ കാൽസ്യം കാർബൈഡും ആയിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിൽ ഒമ്പതോളം കണ്ടെയ്നറുകളാണ് കടലിൽ വീണത്. അപകടത്തേ തുടർന്ന്, കടലിൽ ഏതാണ്ട് 3.7 കിലോമീറ്റർ (2 നോട്ടിക്കൽ മൈൽ) വീതിയിലും അത്രത്തോളം നീളത്തിലുമുള്ള പ്രദേശമാകെ എണ്ണപടർന്നതായാണ് റിപ്പോർട്ട്. കപ്പൽ ഉയർത്താൻ കഴിയുമോ ഉപേക്ഷിക്കേണ്ടി വരുമോ തുടങ്ങിയ സാധ്യതകൾ കപ്പൽ കമ്പനിയുടെ നേതൃത്വത്തിൽ പരിശോധിച്ച് വരികയാണ്.
ഇന്നലെ രാവിലെയോടെയാണ് കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ എംഎസ്സി എലിസ 3 കപ്പൽ മുങ്ങിയത്. യന്ത്രത്തകരാറും, കാലാവസ്ഥയുമാണ് കപ്പൽ തകരാൻ കാരണമെന്ന് കപ്പലിൻ്റെ ക്യാപ്റ്റൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പൽ മെയ് 24നാണ് കൊച്ചി പുറങ്കടലിൽ അപകടത്തിൽപ്പെട്ടത്. തീരത്തു നിന്നു 38 നോട്ടിക്കൽ മൈൽ (70.3 കിലോമീറ്റർ) തെക്കു പടിഞ്ഞാറായാണ് കപ്പൽ ചെരിഞ്ഞത്. കപ്പല്‍ ക്രൂവിനെ മുഴുവന്‍ രക്ഷിച്ചിരുന്നു.