
വെസ്റ്റ് ബാങ്കിൽ തുടരുന്ന ആക്രമണം നിർത്തിവയ്കണമെന്ന് ഇസ്രയേലിന് നിർദേശം നൽകി യുഎൻ. പ്രദേശത്ത് രണ്ടാം ദിവസം നടന്ന ആക്രമണത്തിൽ അഞ്ചു പലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇസ്രയേൽ അതിർത്തി പ്രദേശമായ തുൽക്കാമിലെ പള്ളിയിൽ അഞ്ച് ഭീകരർ ഒളിച്ചിരുന്നതായി ഇസ്രയേൽ പ്രതിരോധ സേന ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് വെസ്റ്റ്ബാങ്കിൽ ഭീകരവിരുദ്ധ പ്രവർത്തനമെന്ന നിലയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. ഒന്നിലധികം നഗരങ്ങളിൽ ഓപ്പറേഷൻ നടക്കുന്നതിനാൽ മരണ സംഖ്യ സ്ഥിരീകരിക്കാനായിട്ടില്ല. ഇതുവരെ 9 ഭീകരരെ കൊലപ്പെടുത്തിയതായാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ജെനിനിലും തുൽക്കാമിലുമായി അഞ്ച് പേരും അൽ-ഫറ അഭയാർത്ഥി ക്യാമ്പിൽ നാല് പേരും കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം. എന്നാൽ ഇസ്രയേൽ സൈന്യത്തിൻ്റെ ആക്രമണത്തിൽ ഇതുവരെ 12 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സ്ഥിതിഗതികൾ രൂക്ഷമായതോടെ ആക്രമണം നർത്തിവയ്ക്കാൻ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തെ കൂടുതൽ ഗുരുതരമാക്കുകയാണ് ഈ ആക്രമണമെന്ന് യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു.പരമാവധി സംയമനം പാലിക്കണമെന്നും അദ്ദേഹം ഇസ്രായേലി സേനയോട് അഭ്യർത്ഥിച്ചു.