മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; ചാപ്പലിലെ പ്രാർഥനയിൽ പങ്കെടുത്തു

മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; ചാപ്പലിലെ പ്രാർഥനയിൽ പങ്കെടുത്തു
Published on

ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലുള്ള ഫ്രാന്‍സിസ് മാർപ്പാപ്പയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി വത്തിക്കാൻ. ഫ്രാൻസിസ് മാർപാപ്പ ആശുപത്രിക്കുള്ളിലെ ചാപ്പലിലെ പ്രാർഥനയിൽ പങ്കെടുത്തു. ശ്വസന ബുദ്ധിമുട്ടുകൾ ഇപ്പോൾ ഇല്ലെന്നും, ഔദ്യോഗിക കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയതായും വത്തിക്കാൻ അറിയിച്ചു.

അപകടകരമായ അവസ്ഥ തരണം ചെയ്തെങ്കിലും മാ‍പാപ്പയുടെ ആരോഗ്യസ്ഥിതി സങ്കീർണമായി തുടരുകയാണ്. ഓക്സിജൻ തെറാപ്പി നൽകുന്നുണ്ട്. മാർപാപ്പ രാത്രി നന്നായി ഉറങ്ങിയതായി ഡോക്ടേഴ്സ് അറിയിച്ചു. മൂക്കിൽ ട്യൂബിലൂടെ ഓക്സിജൻ നൽകിയിരുന്നത് ഓക്സിജൻ മാസ്കിലൂടെയാക്കി. തനിക്ക് വേണ്ടി പ്രാർത്ഥനകളിൽ ഏർപ്പെട്ടവർക്ക് ഫ്രാൻസിസ് മാർപ്പാപ്പ നന്ദി അറിയിച്ചതായും വത്തിക്കാൻ വക്താവ് അറിയിച്ചു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.

88 വയസുള്ള മാർപാപ്പയെ ബ്രോങ്കെെറ്റിസ് ലക്ഷണങ്ങളുമായി ഈ മാസം 14നാണ് റോമിലെ അഗസ്റ്റിനോ ഗമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ശ്വാസകോശങ്ങളിലും കടുത്ത അണുബാധയുണ്ടെന്ന റിപ്പോർട്ട് പിന്നാലെ വന്നു. ഈ ലക്ഷണങ്ങള്‍ ജീവനു തന്നെ ഭീഷണിയാകുന്ന സെപ്സിസ് അണുബാധയിലേക്ക് എത്തുമോ എന്ന ആശങ്കയായിരുന്നു ഉണ്ടായിരുന്നത്.

മാർപ്പാപ്പ രാജിവെച്ചേക്കുമെന്ന അഭ്യൂഹം ഉയ‍ർന്നിരുന്നു. 76ാം വയസില്‍ മാർപ്പാപ്പയായി ചുമതലയേറ്റ ഫ്രാന്‍സിസ് മാർപ്പാപ്പ ആരോഗ്യനില മോശമായ വന്ന ആദ്യ വർഷങ്ങളില്‍ തന്നെ രാജിക്കുറിപ്പ് തയ്യാറാക്കിവെച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വത്തിക്കാൻ വൃത്തങ്ങൾ ഇതെല്ലാം തള്ളിയിരുന്നു. മാർപ്പാപ്പ ആരോഗ്യവാനായി തിരിച്ചുവരുന്നത് മാത്രമാണ് പ്രധാനമെന്നും ഇത്തരം ചർച്ചകള്‍ അപ്രസക്തമാണെന്നും വത്തിക്കാന്‍ ആവർത്തിച്ചു.

മാർപ്പാപ്പയുടെ ജന്മനാടായ ബ്യൂണസ് അയേഴ്സ് മുതല്‍ വത്തിക്കാന്‍ വരെയും ഇങ്ങ്, കേരളം വരെയുമുള്ള വിശ്വാസികള്‍ പ്രാർഥനയോടെ കാത്തിരിക്കുന്നതും ആ തിരിച്ചുവരവിനായാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com