
ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസ മുനമ്പിൽ മരിച്ചവരുടെ എണ്ണം 39 ആയി ഉയർന്നു. ഇന്ന് പുലർച്ചെ മുതൽ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിലാണ് ഇവർ കൊല്ലപ്പെട്ടത്. നിർബന്ധിതമായി കുടിയിറക്കപ്പെട്ട കുടുംബങ്ങളെ പാർപ്പിക്കുന്ന കെട്ടിടങ്ങൾക്കും താൽക്കാലിക കൂടാരങ്ങൾക്കും നേരെയായിരുന്നു ആക്രമണങ്ങൾ. ഗാസയിലെ തുഫയിൽ പത്ത് പേർ, ഖാൻ യൂനിസിൽ പത്തൊൻപത് പേർ, ദെയ്ർ എൽ-ബലാഹിൽ എട്ട് പേർ, ഗാസ നഗരത്തിലെ സെയ്തൂണിന് സമീപം രണ്ട് പലസ്തീനികളുമാണ് കൊല്ലപ്പെട്ടത്. ദേർ അൽ-ബലാഹിയിൽ രണ്ട് മാരകമായ വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയത്.
അതേസമയം, ഗാസയില്‍ ആരോഗ്യ പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ തെറ്റുപറ്റിയെന്ന് ഇസ്രയേൽ സമ്മതിച്ചതിനു പിന്നാലെ പ്രതിഷേധം ശക്തമാകുകയാണ്. മാർച്ച് 23നാണ് തെക്കൻ ഗാസയിൽ 15 ആരോഗ്യ പ്രവർത്തകരെയാണ് ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയത്. പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ (പിആർസിഎസ്) ആംബുലൻസുകൾ, ഗാസയിലെ സിവിൽ ഡിഫൻസിൽ നിന്നുള്ള ഒരു ഫയർ ട്രക്ക് എന്നിവയുടെ വാഹനവ്യൂഹത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്.
ഹെഡ്‌ലൈറ്റുകളോ, മറ്റ് ലൈറ്റുകളോ ഇല്ലാതെ ഇരുട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ വാഹനവ്യൂഹം സമീപിച്ചതിനാലാണ് സൈന്യം വെടിയുതിർത്തതെന്നായിരുന്നു ഇസ്രയേലിന്റെ അവകാശവാദം. എന്നാൽ കൊല്ലപ്പെട്ട പാരാമെഡിക്കുകളിൽ ഒരാൾ പകർത്തിയ മൊബൈൽ ഫോൺ ദൃശ്യങ്ങളിൽ, പരിക്കേറ്റവരെ സഹായിക്കാനായി വിന്യസിച്ച ആരോഗ്യ പ്രവർത്തകരുടെ വാഹനങ്ങളിൽ ലൈറ്റുകൾ ഓണായിരുന്നതായി വ്യക്തമായിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുടെ വെസ്റ്റും വാഹനത്തിലെ അടയാളവും മനസിലാകുന്ന വിധത്തിലായിരുന്നുവെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇതോടെ വാഹനങ്ങൾ ലൈറ്റുകൾ അണച്ചുകൊണ്ടാണ് തങ്ങളെ സമീപിച്ചതെന്ന ഇസ്രയേലിൻ്റെ വാദവും പൊളിയുകയാണ്.
ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2023 ഒക്ടോബർ ഏഴ് മുതലുള്ള ഇസ്രയേലിന്റെ ആക്രമണങ്ങളിൽ കുറഞ്ഞത് 50,695 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 115,338 പേർക്കാണ് പരിക്കേറ്റത്.