വിവാദങ്ങൾ അവസാനിക്കുന്നില്ല; നിയമ നടപടിക്കൊരുങ്ങി പ്രമോദ് കോട്ടൂളി

താൻ ആരെയും ചതിക്കാത്തതുകൊണ്ട് മറ്റുള്ള ചതിയന്മാരെ മനസ്സിലാക്കാൻ പറ്റിയില്ലെന്ന് പ്രമോദ് കോട്ടൂളി പറഞ്ഞു
വിവാദങ്ങൾ അവസാനിക്കുന്നില്ല; നിയമ നടപടിക്കൊരുങ്ങി പ്രമോദ് കോട്ടൂളി
Published on

പിഎസ്‌സി കോഴ ആരോപണത്തിന് വിധേയനായ നിയമ നടപടിക്കൊരുങ്ങി പ്രമോദ് കോട്ടൂളി. വലിയ സാമ്പത്തിക ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യമാണ് നടന്നത്. അഭിഭാഷകനുമായി ഇന്ന് സംസാരിക്കുമെന്നും പ്രമോദ് കോട്ടൂളി അറിയിച്ചു. താൻ ആരെയും ചതിക്കാത്തതു കൊണ്ട് മറ്റുള്ള ചതിയന്മാരെ മനസ്സിലാക്കാൻ പറ്റിയില്ല. ചതിയന്മാരെ നിയമത്തിന് മുൻപിൽ എത്തിക്കണം അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു.

ഇന്നലെ വരെ തനിക്ക് അച്ഛനും അമ്മയുമായ പ്രസ്ഥാനത്തോട് പറയാമായിരുന്നു.ഇന്നത്തെ സ്ഥിതി അതല്ല. നീതിക്കായി ഇന്ത്യയിലെ എല്ലാ നിയമ സംവിധാനങ്ങളുടെ മുന്നിലേക്കും പോവുകയാണെന്നും പ്രമോദ് കോട്ടുളി വ്യക്തമാക്കി. പാർട്ടിയെ തെറ്റിദ്ധരിപ്പിക്കാൻ പറ്റുന്ന അത്രയും വലിയ ശക്തികൾ ഉണ്ടെങ്കിൽ അവരെ പുറത്തു കൊണ്ടുവരണം. ഇന്ന് തന്നെ പരാതി നൽകണമെന്നാണ് തീരുമാനം.

അതിനിടെ കെ. പ്രവീൺ കുമാർ കോഴ ആരോപണത്തിനെതിരെ രംഗത്തെത്തി. എന്തിൻ്റെ പേരിലാണ് പ്രമോദിനെ സിപിഎം പുറത്താക്കിയത്, പിഎസ്‌സി കോഴ വിവാദത്തിൽ പരാതി ഇല്ലെന്ന് പി. മോഹനൻ പറയുന്നു. സിപിഎം ജില്ലാ സെക്രട്ടറിയുടെ നടപടി തന്നെ സംശയാസ്പദമാണെന്നും പ്രവീൺ കുമാർ ആരോപിച്ചു.

സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം. കഴിഞ്ഞ ദിവസം പരാതിക്കാരൻ്റെ വീടിന് മുന്നിൽ പ്രമോദ് കോട്ടൂളിയും അമ്മയും സമരം ചെയ്തിരുന്നു. ആരെ ചൂണ്ടിക്കാട്ടിയാണ് പ്രമോദ് പണം വാങ്ങി എന്ന് വെളിപ്പെടുത്തണം. പ്രമോദ് വാ തുറന്നാൽ പല നേതാക്കളും മാളത്തിൽ ഒളിക്കേണ്ടിവരും 22 ലക്ഷം രൂപ വാങ്ങാനുള്ള കപ്പാസിറ്റി പ്രമോദിനില്ല എന്നും പ്രവീൺ കുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി അംഗം പ്രേംകുമാർ ഇല്ലത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമൻ്റുമായി പ്രമോദ് കോട്ടൂളി പ്രതികരണം രേഖപ്പെടുത്തി.'പ്രേമൻ എല്ലാ ചതികളിലും നിങ്ങളാണ് നായകൻ' എന്നായിരുന്നു പിഎസ്‌സി കോഴ വിവാദത്തെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കൂട്ടോളിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.

പ്രമോദ് പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും, അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ അറിയിച്ചു. മറ്റു പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൻ്റെ തീരുമാന പ്രകാരമാണ് നടപടിയെന്നും പി. മോഹനൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

വിഷയത്തെക്കുറിച്ച് പ്രമോദ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ജില്ലാ കമ്മിറ്റി അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട്. പ്രമോദ് കോട്ടൂളിക്കെതിരായ നടപടി വൈകിച്ചതിന് കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന കമ്മിറ്റി താക്കീത് നൽകി.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com