വീണ്ടും പേര് മാറ്റം; ഉത്തർപ്രദേശിൽ റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റൽ വിവാദമാകുന്നു

മുസ്ലിം പേരുകൾ ഉള്ള സ്ഥാപനങ്ങളുടെയും റോഡുകളുടെയെല്ലാം പേര് ബിജെപി മാറ്റുന്നു എന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് പുതിയ പേര് മാറ്റൽ വിവാദം
വീണ്ടും പേര് മാറ്റം; ഉത്തർപ്രദേശിൽ റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റൽ വിവാദമാകുന്നു
Published on

ഉത്തർപ്രദേശിൽ റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റൽ വിവാദമാകുന്നു. ലഖ്നൗ ഡിവിഷനിലെ എട്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരാണ് മാറ്റിയിരിക്കുന്നത്. കാസിംപൂർ ഹാൾട്ടിൻ്റെ പേര് ജെയ്സ് സിറ്റിയെന്നും ജെയ്‌സ് സ്റ്റേഷൻ്റെ പേര് ഗുരു ഗോരഖ്‌നാഥ് ധാം എന്നുമാണ് മാറ്റിയത്. കൂടാതെ മിസ്രൗളി സ്റ്റേഷൻ്റെ പേര് മാ കാലിഗൻ ധാം എന്നും, ബാനി റെയിൽവേ സ്റ്റേഷനെ സ്വാമി പരമഹംസ് എന്നാക്കിയും മാറ്റി.

നിഹാൽഗഢിനെ മഹാരാജ ബിജിലി പാസി എന്നും അക്ബർ ഗഞ്ചിനെ മാ അഹോർവ ഭവാനി ധാം എന്നും പുനർനാമകരണം ചെയ്തു. വസീർഗഞ്ച് ഹാൾട്ടിൻ്റെ പേര് അമർ ഷഹീദ് ഭലേ സുൽത്താനെന്നും, ഫുർസത്ഗഞ്ചിനെ തപേശ്വർനാഥ് ധാം എന്നും പേര് മാറ്റി. മുസ്ലിം പേരുകൾ ഉള്ള സ്ഥാപനങ്ങളുടെയും റോഡുകളുടെയെല്ലാം പേര് ബിജെപി മാറ്റുന്നു എന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് പുതിയ പേര് മാറ്റൽ വിവാദം.


വിഷയത്തിൽ പ്രതികരണവുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റുന്നതിൽ മാത്രമല്ല ബിജെപി സർക്കാർ സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അഖിലേഷിൻ്റെ വിമർശനം. തുടർച്ചയായി വരുന്ന ട്രെയിൻ അപകടങ്ങൾ ഒഴിവാക്കുന്നതിനാണ്
റെയിൽവേ മുൻകൈ എടുക്കേണ്ടതെന്നും അഖിലേഷ് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ അഭിമാനമായ താജ്‌മഹൽ, തേജോ മഹാലയ എന്ന ശിവക്ഷേത്രമാണെന്ന് ഹൈന്ദവ സംഘടനകൾ വാദിക്കുമ്പോഴാണ് വീണ്ടും മുസ്ലീംപേരുകൾ മാറ്റാൻ ബിജെപി മുൻകൈയെടുക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com