COP 29 | ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം; ലോകനേതാക്കൾ അസർബൈജാനിൽ

അസർബൈജാനിലെ ബക്കുവിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ 200 രാജ്യങ്ങളിലെ ഡെലിഗേറ്റുകളാണ് പങ്കെടുക്കുന്നത്
COP 29 | ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം; ലോകനേതാക്കൾ അസർബൈജാനിൽ
Published on

കാലാവസ്ഥാ മാറ്റത്തെ അഭിസംബോധന ചെയ്യുന്ന ഐക്യരാഷ്ട്ര സഭയുടെ 'കോപ് 29' സമ്മേളനത്തിന് തുടക്കമായി. അസർബൈജാനിലെ ബക്കുവിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ 200 രാജ്യങ്ങളിലെ ഡെലിഗേറ്റുകളാണ് പങ്കെടുക്കുന്നത്. പാരീസ് ഉച്ചകോടിയിലെ നയങ്ങളിൽ നിന്നുൾപ്പെടെ പിന്മാറുമെന്ന അമേരിക്കൻ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പരാമർശത്തിൻ്റെ പശ്ചാത്തലത്തിലാണ് സമ്മേളനത്തിന് തുടക്കമാകുന്നത്.

ലോകത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2024 മാറുമെന്നാണ് യുഎൻ മീറ്ററോളിക്കൽ ഓർഗനൈസേഷൻ വ്യക്തമാക്കുന്നത്. 19ാം നൂറ്റാണ്ടിൻ്റെ അവസാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ആഗോളതലത്തിൽ ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള അന്തരീക്ഷ താപനിലയിൽ 1.54 സെൽഷ്യസിൻ്റെ വർധനവുണ്ടായെന്ന് WMO വിശദമാക്കുന്നു. പാരീസ് ഉച്ചകോടിയുടെ തീരുമാനങ്ങളിൽ നിന്നടക്കം പിന്മാറുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങളും സമ്മേളനത്തിൽ ചർച്ചയാകും.

കാർബൺ ബഹിർഗമനത്തിൽ 80 ശതമാനവും വികസിത രാജ്യങ്ങളിലാണ് എന്നിരിക്കെയാണ് വികസ്വര രാജ്യങ്ങൾക്ക് സമ്മേളനം ഫണ്ടിങ് അനുവദിക്കുന്നത്. കാലാവസ്ഥാ മാറ്റത്തിൻ്റെ ഭാഗമായുണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ, വികസ്വര രാജ്യങ്ങൾ കൂടുതൽ ഫണ്ട് ആവശ്യപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ട്. ഓരോ രാജ്യങ്ങൾക്കും അനുവദിക്കുന്ന ഫണ്ടുകളിലും ചർച്ച നടക്കും. കാലാവസ്ഥാ മാറ്റം ഇതിനകം സംഭവിച്ചുവെന്ന് അസർബൈജാൻ പരിസ്ഥിതി മന്ത്രിയും കോപ് 29 പ്രസിഡൻ്റും കൂടിയായ മുക്തർ ബാബായേവ് വ്യക്തമാക്കി.

അതേസമയം, വികസന രാജ്യങ്ങൾ പ്രതിവർഷം അനുവദിക്കുന്ന 100 ബില്യൺ ഡോളർ കരാർ കാലഹരണപ്പെട്ടതോടെ പുതിയ തീരുമാനവും സമ്മേളനത്തിൽ ഉണ്ടായേക്കും. ഇതിനായി ആതിഥേയരായ അസർബൈജാനെയാകും ചുമതലപ്പെടുത്തുക. അതേസമയം, അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുറത്തേക്ക് പോകുന്ന ജോ ബൈഡനും രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന ജർമൻ ചാൻസിലർ ഒലാഫ് ഷോൾസും സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com