എഡിഎമ്മിൻ്റെ മരണം: പി.പി. ദിവ്യയുടെ പ്രസംഗം ആസൂത്രിതം, 38 പേജുള്ള വിധിയുടെ വിശദാംശങ്ങള്‍ ന്യൂസ് മലയാളത്തിന്

ദിവ്യ ഇന്ന് കോടതിക്ക് മുന്നിലോ പൊലീസിന് മുന്നിലോ ഹാജരാകുമെന്ന സൂചന പുറത്തു വന്നിട്ടുണ്ട്
എഡിഎമ്മിൻ്റെ മരണം: പി.പി. ദിവ്യയുടെ പ്രസംഗം ആസൂത്രിതം,
38 പേജുള്ള വിധിയുടെ വിശദാംശങ്ങള്‍ ന്യൂസ് മലയാളത്തിന്
Published on

എഡിഎമ്മിൻ്റെ മരണത്തിൽ ആരോപണ വിധേയ ആയ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി. ദിവ്യക്കെതിരായ തലശ്ശേരി സെഷൻസ് കോടതിയുടെ വിധി പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. ദിവ്യയുടെ പ്രസംഗം ആസൂത്രിതമാണെന്നും ജാമ്യം കൊടുക്കുന്നത് തെറ്റായ സന്ദേശമാണെന്നും വിധി പകർപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും, ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി ഉത്തരവിറക്കി. എഡിഎം നവീൻ ബാബുവിനെ അപമാനിക്കാൻ മനഃപൂർവമായ നീക്കം നടത്തിയെന്നും കോടതി വ്യക്തമാക്കി.

ആരോപണം ഉയർന്നതിന് പിന്നാലെ ഒളിവിൽ പോയ ദിവ്യയെ കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. അതേസമയം ദിവ്യ ഇന്ന് കോടതി മുന്നിലോ പൊലീസിന് മുന്നിലോ ഹാജരാകുമെന്ന സൂചന പുറത്തു വന്നിട്ടുണ്ട്. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ദിവ്യയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് മുന്നിൽ മറ്റ് തടസങ്ങൾ ഒന്നും ഇല്ല. കൂടാതെ ദിവ്യ പയ്യന്നൂരിൽ ഉണ്ടെന്ന വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്.


ദിവ്യയുടെ നിലപാട് നവീൻ ബാബുവിനെ മാനസികമായി തളർത്തിയെന്നും , ആൾക്കൂട്ടത്തിന് മുമ്പിൽ അപമാനിതനായതിനാൽ മറ്റ് വഴികളില്ലാതെയാണ് ജീവനൊടുക്കിയതെന്നും ഉത്തരവിൽ പറയുന്നു. പരിപാടിയിൽ ജില്ലാ കളക്ടറുടെ ക്ഷണം സ്വീകരിച്ചാണ് പോയതെന്ന് ദിവ്യ ആദ്യം പറഞ്ഞിരുന്നു. പിന്നീട് ജില്ലാ കളക്ടർ അരുൺ .കെ. വിജയൻ ദിവ്യയുടെ വാദം നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.

കൂടാതെ കളക്ടറുടെ വാദം ശരിവെച്ചു കൊണ്ട് അന്ന് പരിപാടിയിൽ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥരും മൊഴി നൽകിയിരുന്നു. ഭീഷണിയുടെ സ്വരത്തിൽ കാര്യങ്ങൾ വിളിച്ചു പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

യാത്രയയപ്പ് വേളയിൽ ഉണ്ടായ ഇത്തരമൊരു സംഭവം നവീൻ ബാബുവിനെ സംബന്ധിച്ച് വലിയ മാനസിക സമ്മർദത്തിന് കാരണമായി. ഈ കാര്യം ബോധ്യപ്പെട്ടതിനാൽ കോടതിയും ഇത് ശരിവെക്കുകയാണ്. നവീൻ ബാബുവിൻ്റെ മരണത്തിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാപ്രേരണ കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയിട്ടുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com