
പെനിസിൽവാനിയയിലെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ ട്രംപിനു നേരെയുണ്ടായ വെടിവെയ്പിൽ കൊല്ലപ്പെട്ടത് മുൻ അഗ്നിശമന സേനാംഗം കോറി കംപറേറ്റെന്ന് കണ്ടെത്തി. അൻപതുകാരനായ കോറി കംപറേറ്റർ വിരമിക്കലിന് ശേഷം പ്ലാസ്റ്റിക് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. 20 വർഷത്തോളമാണ് കോറി അഗ്നിശമന സേനയിൽ സേവനമനുഷ്ഠിച്ചത്. വെടിവെപ്പിൽ തൻ്റെ കുടുംബത്തെ സംരക്ഷിച്ചാണ് കോറി മരണത്തിന് കീഴടങ്ങിയത്.
ശനിയാഴ്ച പെനിസിൽവാനിയയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ട്രംപിനു നേരെ നിരവധി തവണ വെടിപൊട്ടിയത്. വെടിയൊച്ച കേട്ടയുടനെ തന്നെ ഒപ്പമുണ്ടായിരുന്ന ഭാര്യയെയും മകളെയും കോറി കംപറേറ്റർ സംരക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് കോറിയ്ക്കും വെടിയേറ്റത്. അക്രമി തോമസ് മാത്യു ക്രൂക്സ് എട്ടു തവണ വെടിയുതിർത്തതായാണ് അന്വേഷണ സംഘം പറയുന്നത്. ഇതിൽ ആദ്യത്തെ വെടിയിലാണ് ട്രംപിൻ്റെ വതു ചെവിക്ക് പരുക്കേറ്റത്. പിന്നാലെ വന്ന വെടിയുണ്ടകളിലൊന്ന് തുളച്ചുകയറിയാണ് കോറി കൊല്ലപ്പെട്ടത്.
കോറി ട്രംപിൻ്റെ കടുത്ത ആരാധകനായിരുന്നു. ഭാര്യയ്ക്കും രണ്ടു മക്കൾക്കൊപ്പം പിറ്റ്ബർഗിന് സമീപം ബട്ടറിലാണു താമസിച്ചിരുന്നത്. വെടിവെയ്പിൽ കൊല്ലപ്പെട്ട കോറി യഥാർഥ ഹീറോയാണെന്ന് പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോ പറഞ്ഞു. തൻ്റെ കുടുംബത്തെ സംരക്ഷിക്കാനാണു കോറി സ്വന്തം ജീവൻ വെടിഞ്ഞത്. കോറിയുടെ സ്മരണക്കായി സംസ്ഥാന പതാക പകുതി താഴ്ത്തി അനുസ്മരിക്കുമെന്നും ഗവർണർ അറിയിച്ചു.
കോറിക്കു പുറമേ ഡേവിഡ് ഡച്ച് (57), ജെയിംസ് കോപ്പൻഹേവർ (74) എന്നിവർക്കും പരുക്കേറ്റിരുന്നു. പിറ്റ്സ്ബർഗിലെ അലെഗെനി ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.