പരാതിയുമായി ചെന്നപ്പോൾ മേയറുടെ പരിഹാസം; കോഴിക്കോട് മത്സ്യത്തൊഴിലാളികളുടെ ഫ്ലാറ്റ് അപകടാവസ്ഥയിൽ

ചേരി നിർമാർജന പദ്ധതിയിൽ ഉൾപ്പെടുത്തി 40 വർഷങ്ങൾക്ക് മുമ്പാണ് കോർപറേഷൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താമസിക്കാനായി ഫ്ലാറ്റ് പണിതത്
പരാതിയുമായി ചെന്നപ്പോൾ മേയറുടെ പരിഹാസം; കോഴിക്കോട് മത്സ്യത്തൊഴിലാളികളുടെ ഫ്ലാറ്റ് അപകടാവസ്ഥയിൽ
Published on

കോഴിക്കോട് കോർപറേഷൻ്റെ ഉടമസ്ഥതയിലുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് അപകടാവസ്ഥയിൽ. ഫ്ലാറ്റിൻ്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കുടുംബങ്ങൾ നിരവധി തവണ കോർപറേഷന് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് പരാതി. മേയർ ബീന ഫിലിപ്പിൽ നിന്നും പരിഹാസം നിറഞ്ഞ കുറ്റപ്പെടുത്തലുകൾ നേരിടുന്നതായും കുടുംബം ആരോപിക്കുന്നു.

40 വർഷങ്ങൾക്കു മുമ്പാണ് ചേരി നിർമാർജന പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കോട് കോർപറേഷൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താമസിക്കാനായി ഫ്ലാറ്റ് പണിതത്. കാലപഴക്കത്തിൽ വീഴാറായി നിൽക്കുന്ന ഇവിടുത്തെ രണ്ട് ഫ്ലാറ്റുകളിലായി 24 കുടുംബങ്ങളാണ് അന്തിയുറങ്ങുന്നത്.

കഴിഞ്ഞദിവസമാണ് ഫ്ലാറ്റിലെ ഒരു മുറിയിൽ മേൽക്കൂര ഇടിഞ്ഞു വീണത്. അന്ന് ഫ്ലാറ്റിൽ താമസിച്ചിരുന്ന വയോധിക അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എല്ലാ മുറിയിലെയും അവസ്ഥ സമാനമാണ്. മരത്തിൻ്റെ വേരുകളുടെ പിൻബലത്തോടെയാണ് ഫ്ലാറ്റിൻ്റെ നിലനിൽപ്പ്. മരണഭയത്തോടെയാണ് പാവപ്പെട്ട കുടുംബങ്ങൾ വർഷങ്ങളായി ഇവിടെ താമസിക്കുന്നത്.

നിരവധിതവണ ഫ്ലാറ്റിൻ്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി കോർപറേഷന് പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഒന്നും ഉണ്ടായില്ല. ഒന്നുകിൽ മാറ്റിപ്പാർപ്പിക്കുകയോ അല്ലെങ്കിൽ കെട്ടിടം അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യണമെന്നാണ് താമസക്കാരുടെ ആവശ്യം.

എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ ഫ്ലാറ്റ് സന്ദർശിച്ച മേയർ കുടുംബങ്ങളോട് ഉടനടി താമസം മാറാൻ നിർദ്ദേശം നൽകുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ നിലവിലുള്ള ഫ്ലാറ്റ് പൊളിച്ച് പുതിയ ഫ്ലാറ്റ് നിർമ്മിക്കാൻ കോർപ്പറേഷൻ ആലോചിക്കുന്നുണ്ടെന്നും മേയർ പറഞ്ഞതായും കുടുംബങ്ങൾ പറയുന്നു.

അതേ സമയം വർഷങ്ങളായി അപകടാവസ്ഥയിലുള്ള ഈ ഫ്ലാറ്റിൽ താമസിക്കാതെ കഠിനാധ്വാനം ചെയ്ത് സ്വന്തമായൊരു വീട് ഉണ്ടാക്കാൻ എന്തുകൊണ്ട് മത്സ്യത്തൊഴിലാളികൾക്ക് ആയില്ല എന്ന പരിഹാസവും ഇതിന് പിന്നാലെ മേയറുടെ ഭാഗത്ത് നിന്നുണ്ടായി എന്നും ഇവർ ആരോപിക്കുന്നു. പുതിയ ഫ്ലാറ്റ് നിർമിച്ചു നൽകാമെന്ന് കോർപ്പറേഷൻ ഉറപ്പ് നൽകിയെങ്കിലും എത്രനാൾ വാടകയ്ക്ക് കഴിയേണ്ടി വരും എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com