
കുട്ടികളെ സ്‌കൂളിൽ അച്ചടക്കത്തിൻ്റെയോ വിദ്യാഭ്യാസത്തിൻ്റെയോ പേരിൽ ശാരീരിക പീഡനത്തിന് വിധേയമാക്കുന്നത് ക്രൂരമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. കുട്ടിയെ ശാരീരിക ശിക്ഷിക്കുന്നത് വിദ്യാഭ്യാസത്തിൻ്റെ ഭാഗമാകില്ലെന്ന് ചീഫ് ജസ്റ്റിസ് രമേഷ് സിൻഹ, ജസ്റ്റിസ് രവീന്ദ്ര കുമാർ അഗർവാൾ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ജൂലൈ 29ന് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവുമായി പൊരുത്തപ്പെടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ശിക്ഷ നൽകി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർഗുജ ജില്ലയിലെ അംബികാപൂരിലെ കാർമൽ കോൺവെൻ്റ് സ്‌കൂളിലെ അധ്യാപികയായ എലിസബത്ത് ജോസിനെതിരെ ഫെബ്രുവരിയിൽ മണിപ്പൂർ പൊലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
വിദ്യാർഥിനി ആത്മഹത്യാക്കുറിപ്പ് എഴുതിയതിനെ തുടർന്നാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കേസിലെ എഫ്ഐആറും കുറ്റപത്രവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോസ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അച്ചടക്കത്തിൻ്റെയോ വിദ്യാഭ്യാസത്തിൻ്റെയോ പേരിൽ കുട്ടിയെ സ്‌കൂളിൽ ശാരീരിക പീഡനത്തിന് വിധേയമാക്കുന്നത് ക്രൂരമാണ്. കരുതലോടെയാണ് കുട്ടികളെ പരിപാലിക്കേണ്ടത് അല്ലാതെ ക്രൂരതയോടെയല്ല, കുട്ടികളെ ശാരീരിക ശിക്ഷയ്ക്ക് വിധേയമാക്കുന്നത് വിദ്യാഭ്യാസത്തിൻ്റെ ഭാഗമാകില്ലെന്നും കോടതി നീരീക്ഷിച്ചു.