
കാൻസർ മരുന്നുകൾക്കുള്ള ജിഎസ്ടി കുറയ്ക്കാൻ ഇന്ന് ചേർന്ന 54ാം ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനമായി. സർവകലാശാലകൾക്ക് ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന ഗ്രാന്റിനെയും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കും. എന്നാൽ ആരോഗ്യ- ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായില്ല. അടുത്ത ജിഎസ്ടി കൗൺസിൽ യോഗത്തിലായിരിക്കും ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുക. ഇത് സംബന്ധിച്ച പരിശോധിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
കാന്‍സര്‍ മരുന്നുകളുടെ നികുതി 12-ല്‍ നിന്ന് അഞ്ചുശതമാനമായി ആണ് കുറച്ചത്. ഏതാനും ലഘുഭക്ഷണങ്ങളുടേയും ജിഎസ്ടിയില്‍ കുറവുവരുത്തിയിട്ടുണ്ട്. ഷെയറിങ് അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഹെലികോപ്ടറുകളുടെ ജിഎസ്ടി അഞ്ചു ശതമാനമായിരിക്കും. ചാർട്ടേഡ് ഹെലികോപ്റ്റർ സേവനങ്ങൾക്ക് 18% ജിഎസ്ടി ഈടാക്കും. അതേസമയം 2,000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകളിൽനിന്ന് ഓൺലൈൻ പേയ്മെന്റ് സേവന ദാതാക്കൾ നേടുന്ന വരുമാനത്തിന് 18% ജിഎസ്ടി ഈടാക്കണമെന്ന നിർദേശം തൽക്കാലം നടപ്പാക്കില്ല. ഇക്കാര്യം വിശദമായി പരിശോധിക്കാൻ ഫിറ്റ്‍മെന്‍റ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്.
ALSO READ: 54-ാം ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്; പ്രതീക്ഷിക്കുന്നത് നികുതിയിളവടക്കം സുപ്രധാന തീരുമാനങ്ങള്‍
ജിഎസ്ടി സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്ന കമ്മിറ്റിയാണ് ഫിറ്റ്‍മെന്‍റ് കമ്മിറ്റി. അത് സമർപ്പിക്കുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും തുടർ തീരുമാനങ്ങൾ കൈക്കൊള്ളുക. 2,000 രൂപയ്ക്ക് താഴെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളിന്മേലുള്ള വരുമാനത്തിന് 18% ജിഎസ്ടി ഏർപ്പെടുത്തുന്നത് അടുത്ത യോഗത്തിൽ ജിഎസ്ടി കൗൺസിൽ പരിഗണിക്കും. കാറുകളുടെ സീറ്റിനുള്ള ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കിയേക്കും. ടൂവീലർ സീറ്റുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് കുറയ്ക്കണമെന്ന ആവശ്യം കൗൺസിൽ അംഗീകരിച്ചില്ല.