ഹംപി കൂട്ടബലാത്സംഗം: പ്രതികൾ കനാലിലേക്ക് തള്ളിയിട്ട സഞ്ചാരികളിൽ ഒരാൾ മരിച്ചു

ബിബാഷിനെ അടക്കം മൂന്ന് വിനോദസഞ്ചാരികളെ കനാലിലേക്ക് തള്ളിയിട്ടാണ് ഇസ്രയേൽ വനിതയെയും ഹോംസ്റ്റേ ഉടമയെയും മൂന്ന് പേർ ബലാത്സംഗം ചെയ്തത്
ഹംപി കൂട്ടബലാത്സംഗം: പ്രതികൾ കനാലിലേക്ക് തള്ളിയിട്ട സഞ്ചാരികളിൽ ഒരാൾ മരിച്ചു
Published on

കർണാടകയിലെ കോപ്പാൽ ജില്ലയിൽ ഹംപിക്കടുത്ത് ഇസ്രയേൽ വനിതയെയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവർ കനാലിലേക്ക് തള്ളിയിട്ട സഞ്ചാരി മുങ്ങിമരിച്ചു. ഒഡിഷ സ്വദേശി ബിബാഷാണ് മരിച്ചത്. ബിബാഷിനെ അടക്കം മൂന്ന് വിനോദസഞ്ചാരികളെ കനാലിലേക്ക് തള്ളിയിട്ടാണ് ഇസ്രയേൽ വനിതയെയും ഹോംസ്റ്റേ ഉടമയെയും മൂന്ന് പേർ ബലാത്സംഗം ചെയ്തത്. എന്നാൽ, മഹാരാഷ്ട്രയിൽ നിന്നുള്ള സഞ്ചാരിയായ പങ്കജും യുഎസിൽ നിന്നുള്ള ഡാനിയേലും നീന്തിക്കയറി. എന്നാൽ, ബിബാഷിനെ കാണാനില്ലായിരുന്നു. രാവിലെയോടെയാണ് ബിബാഷിൻ്റെ മൃതദേഹം കണ്ടെത്തിയത്.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സ്ത്രീകൾ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. 27കാരിയായ ഇസ്രയേലിൽ നിന്നുള്ള വിദേശസഞ്ചാരിയും 29കാരിയായ ഹോം സ്റ്റേ ഓപ്പറേറ്ററുമാണ് ഹംപിക്ക് അടുത്തുള്ള സനാപൂർ തടാകത്തിന് അടുത്ത് വെച്ച് ബലാത്സംഗത്തിന് ഇരയായത്.

കഴിഞ്ഞ ദിവസം അത്താഴത്തിന് ശേഷം താനും നാല് അതിഥികളും തുംഗഭദ്ര ഇടതുകര കനാലിന്റെ തീരത്ത് വാന നിരീക്ഷണത്തിനായി പോയപ്പോഴാണ് പ്രതി ബൈക്കിൽ എത്തിയതെന്ന് ഹോംസ്റ്റേ ഉടമ പരാതിയിൽ പറയുന്നു. ആദ്യം പെട്രോൾ എവിടെ കിട്ടുമെന്ന് ചോദിച്ച അവർ പിന്നീട് അവരോട് പണം ചോദിക്കാൻ തുടങ്ങി. പണം തരാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ അവർ സഞ്ചാരികളെ ആക്രമിക്കുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. കുറ്റകൃത്യം ചെയ്ത ശേഷം അവർ സ്കൂട്ടറിൽ രക്ഷപ്പെട്ടതായും പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു. സ്ത്രീകൾ പരാതി നൽകിയതിനെത്തുടർന്ന് അടിയന്തര നടപടി സ്വീകരിച്ചതായി പൊലീസ് സൂപ്രണ്ട് രാം എൽ. അരസിദ്ദി പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞു വരികയാണെന്നും രണ്ട് പ്രത്യേക സംഘങ്ങൾ കേസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗം സ്ഥിരീകരിക്കുന്നതിനായി സ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com