ഇന്ത്യാ ഗേറ്റ് മുതൽ ഈഫൽ ടവർ വരെ; ഭൗമ മണിക്കൂർ ആചരിച്ച് ലോകരാജ്യങ്ങൾ

ഡൽഹിയിലെ ഇന്ത്യാ ഗേറ്റ്, കുത്തബ് മിനാർ, തെലങ്കാന സംസ്ഥാന സെക്രട്ടേറിയറ്റ് തുടങ്ങിയ നിരവധി ഐക്കോണിക് കെട്ടിടങ്ങളും പരിപാടിയുടെ ഭാഗമായി
ഇന്ത്യാ ഗേറ്റ് മുതൽ ഈഫൽ ടവർ വരെ; ഭൗമ മണിക്കൂർ ആചരിച്ച് ലോകരാജ്യങ്ങൾ
Published on


ശനിയാഴ്ച രാത്രി 8:30 നും 9:30 നും ഇടയിൽ ഇന്ത്യയിലുടനീളമുള്ള നഗരങ്ങൾ ഭൗമ മണിക്കൂർ ആചരിച്ചു. ഡൽഹിയിലെ ഇന്ത്യാ ഗേറ്റ്, കുത്തബ് മിനാർ, തെലങ്കാന സംസ്ഥാന സെക്രട്ടേറിയറ്റ് തുടങ്ങിയ നിരവധി ഐക്കോണിക് കെട്ടിടങ്ങളും പരിപാടിയുടെ ഭാഗമായി. കേരള നിയമസഭാ മന്ദിരവും ലൈറ്റുകൾ അണച്ചു. ആ​ഗോളതാപനത്തിൽ നിന്നും ഭൂമിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകജലദിനം കൂടിയായ മാര്‍ച്ച് 22 ന് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറാണ് പ​ദ്ധതി ആഹ്വാനം ചെയ്തത്.


ഈഫൽ ടവർ, ബിഗ് ബെൻ, സിഡ്‌നി ഓപ്പറ ഹൗസ്, എംപയർ സ്റ്റേറ്റ് ബിൽഡിംഗ്, ഇന്ത്യൻ രാഷ്ട്രപതി ഭവൻ തുടങ്ങിയ പ്രശസ്തമായ ലാൻഡ്‌മാർക്കുകൾ മുതൽ ലോകമെമ്പാടുമുള്ള നഗരങ്ങൾ വരെ വൈദ്യുത വിളക്കുകൾ അണച്ച് ഭൗമ മണിക്കൂറിൽ പങ്കാളികളായി എന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഭൗമ മണിക്കൂറിൽ ആവശ്യമില്ലാത്ത ലൈറ്റുകളും ഉപകരണങ്ങളും ഓഫ് ചെയ്യണമെന്ന് 50 ലക്ഷത്തിലധികം ഉപഭോക്താക്കളോട് ബോംബെ സബർബൻ ഇലെക്ട്രിക് സപ്ലൈ ലിമിറ്റഡും ആവശ്യപ്പെട്ടിരുന്നു.

എല്ലാ വർഷവും 190ൽപ്പരം ലോകരാഷ്ട്രങ്ങൾ പങ്കാളികളായി മാര്‍ച്ച് മാസത്തിലെ അവസാന ശനിയാഴ്ചയാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വർഷം മുതല്‍ അവസാനത്തെ ശനിയാഴ്ചയ്ക്ക് പകരം ലോകജലദിനം കൂടിയായ മാര്‍ച്ച് 22നാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്. എല്ലാ മാർച്ചിലും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ഭൂമിയുടെ ഭാവിയിലുള്ള കരുതൽ പ്രകടിപ്പിക്കാൻ പ്രതീകാത്മകമായി ഒരു മണിക്കൂർ നീളുന്ന ഭൗമമണിക്കൂറിൽ ഒത്തുകൂടുന്നത്.

ഭൗമ മണിക്കൂർ എന്നത് ലൈറ്റുകൾ അണയ്ക്കുക എന്നത് മാത്രമല്ല ,മാനസികമായി 'സ്വിച്ച് ഓഫ്' ചെയ്യാനും വിശ്രമിക്കാനും പ്രകൃതിയുമായി ബന്ധപ്പെടാനും ഒരു നിമിഷം ചെലവഴിക്കാനുമുള്ള മികച്ച സമയം കൂടിയാണെന്നാണ് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ പറയുന്നത്. അതേസമയം, 206 മെഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ വർഷം ഭൗമ മണിക്കൂറിൽ ഡൽഹി നിവാസികൾ ലാഭിച്ചത്. ബിഎസ്ഇഎസ് മേഖലകൾ 130 മെഗാവാട്ടും സംഭാവന ചെയ്തു. ഈ വർഷം ഈ കണക്കുകളെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com