
യുഎസ്ഇ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് ഉത്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തിയ തീരുമാനം ആഗോള വ്യാപാര നിയമങ്ങളെ ലംഘിക്കുന്നതെന്നാണ് ആക്ഷേപമുയരുന്നു. മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് മേൽ 25 ശതമാനവും ചൈനീസ് ഉത്പന്നങ്ങൾക്ക് 10 ശതമാനവുമാണ് അധിക നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. അനധികൃത കുടിയേറ്റവും യുഎസിലേക്ക് ഫെൻ്റനിലും എത്തുന്നുവെന്നതും ചൂണ്ടിക്കാട്ടിയാണ് ട്രംപിൻ്റെ ഈ തീരുമാനം.
കാനഡ, മെക്സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് മേൽ ട്രംപ് ഏർപ്പെടുത്തിയ അധിക നികുതിയോടെ ലോകം അടുത്തെങ്ങും കാണാത്ത വ്യാപാരയുദ്ധത്തിന് തുടക്കമാവുകയായിരുന്നു. ലോകരാജ്യങ്ങൾ തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന വ്യാപാര ഉടമ്പടികളാണ് ഇതോടെ ലംഘിക്കപ്പെടുന്നത്. 1977ലെ അന്താരാഷ്ട്ര എമർജൻസി എക്കണോമിക്സ് പവർസ് ആക്ട് പ്രകാരമാണ് ഡൊണാൾഡ് ട്രംപ് ഫെബ്രുവരി ഒന്നിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അധിക നികുതി ഏർപ്പെടുത്തിയത്.
പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യങ്ങൾക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ പ്രസിഡൻ്റിന് പ്രത്യേക അധികാരം നൽകുന്ന നിയമമാണിത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന പ്രസിഡൻ്റിൻ്റെ തീരുമാനത്തെ കോടതികൾ പിന്തുണക്കുകയാണ് പതിവ്. എന്നാൽ ഈ നിയമപ്രകാരം രാജ്യങ്ങൾക്ക് മേൽ അധിക നികുതി ഏർപ്പെടുത്താനാകുമോ എന്നത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്. കാനഡയിൽ നിന്നുള്ള ഓയിൽ ഒഴികെയുള്ള ഉത്പന്നങ്ങൾക്കും മെക്സിക്കോയിൽ നിന്നുള്ള ഉത്പന്നങ്ങൾക്കും 25 ശതമാനം അധിക നികുതിയാണ് ഏർപ്പെടുത്തിയത്. ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് പത്ത് ശതമാനം അധിക നികുതിയും ഏർപ്പെടുത്തി.
ട്രംപിൻ്റെ ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി മൂന്ന് രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. യുഎസിനെതിരെ അധിക നികുതി ഏർപ്പെടുത്തുമെന്ന് മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോം പ്രഖ്യാപിച്ചു. മെക്സിക്കൻ സർക്കാരിന് ക്രിമിനൽ സംഘങ്ങളായി ബന്ധമുണ്ടെന്ന ട്രംപിൻ്റെ ആരോപണത്തെയും ക്ലോഡിയ തള്ളിക്കളഞ്ഞിട്ടുണ്ട്.
അതേസമയം കാനഡ യുഎസ് ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക നികുതി ഏർപ്പെടുത്തി. സ്വതന്ത്ര്യ വ്യാപാര ഉടമ്പടിയെ ലംഘിക്കുന്നതാണ് ട്രംപിൻ്റെ തീരുമാനമെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിമർശിച്ചു. തീരുമാനത്തിന് യുഎസ് വലിയ വില കൊടുക്കേണ്ടി വരുമെന്നും ട്രൂഡോ നിലപാട് വ്യക്തമാക്കി. കാനഡയിൽ നിന്ന് പ്രതിദിനം നാല് മില്യൺ ബാരൺ ഓയിലാണ് യുഎസ് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ പത്ത് ശതമാനം മാത്രമാണ് ഏർപ്പെടുത്തിയിരിക്കുന്ന അധിക നികുതി. ഇത് ഫെബ്രുവരി 18 മുതലാകും പ്രാബല്യത്തിൽ വരും. ട്രംപിൻ്റെ തീരുമാനം അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെ ലംഘനമാണെന്നും ചർച്ചകളിലൂടെ സഹകരണം മെച്ചപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം പ്രതികരിച്ചു. ഫെൻ്റനിൽ യുഎസിൻ്റെ പ്രശ്നമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.