ജനുവരി ഏഴിന് ക്രിസ്തുമസ് ആഘോഷിക്കുന്ന രാജ്യങ്ങളോ! കാരണം ഇതാണ്

മുൻ സോവിയറ്റ് യൂണിയന്‍റെ ഭാഗങ്ങളായിരുന്ന രാജ്യങ്ങളിലും മിഡിൽ ഈസ്റ്റിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ക്രിസ്തുമസ് ആഘോഷിക്കുന്നത് ജനുവരി ഏഴിനാണ്
ജനുവരി ഏഴിന് ക്രിസ്തുമസ് ആഘോഷിക്കുന്ന രാജ്യങ്ങളോ! കാരണം ഇതാണ്
Published on


നമുക്ക് എല്ലാ വർഷവും ഡിസംബർ 25 നാണ് ക്രിസ്തുമസ്. എന്നാൽ ജനുവരി ഏഴിന് ക്രിസ്തുമസ് ആഘോഷിക്കുന്നവർ ലോകത്തുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. മുൻ സോവിയറ്റ് യൂണിയന്‍റെ ഭാഗങ്ങളായിരുന്ന രാജ്യങ്ങളിലും മിഡിൽ ഈസ്റ്റിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ക്രിസ്തുമസ് ആഘോഷിക്കുന്നത് ജനുവരി ഏഴിനാണ്. എന്തായിരിക്കും ഇതിനു പിന്നിലെ കാരണം എന്നല്ലേ. കാലങ്ങളായി അവർ പിന്തുടരുന്ന ജൂലിയൻ കലണ്ടറാണ് ഇതിനു പിന്നിൽ.

ഇന്ത്യയടക്കം പല രാജ്യങ്ങളും ഡിസംബർ 25 ന് ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ റഷ്യ, യുക്രെയ്ൻ, ബെലാറസ്, മോണ്ടെനെഗ്രോ, എത്യോപ്യ  സെർബിയ തുടങ്ങിയ രാജ്യങ്ങൾക്ക് ജനുവരി ഏഴിനാണ് ക്രിസ്തുമസ്. കൃതൃമായി പറഞ്ഞാൽ ഡിസംബർ 25 നു ശേഷം പതിമൂന്നു ദിവസങ്ങൾ കഴിഞ്ഞ്. പഴയ ജൂലിയൻ കലണ്ടർ ഉപയോഗിച്ചാണ് ഈ രാജ്യങ്ങളെല്ലാം തന്നെ ക്രിസ്തുമസിനെ വരവേൽക്കുന്നത്. 1582-ൽ പോപ്പ് ഗ്രിഗറി നിർദ്ദേശിച്ച ഗ്രിഗോറിയൻ കലണ്ടറിനു മുമ്പ് തന്നെ ബിസി 35-ൽ ജൂലിയസ് സീസറിൻ്റെ ഭരണത്തിൻ കീഴിൽ ജൂലിയൻ കലണ്ടർ വ്യാപകമായിരുന്നു.

പുതിയ കലണ്ടറുകൾ നിലവിലുണ്ടെങ്കിലും ഇത്തരം ആഘോഷ വേളകൾ തീരുമാനിക്കുന്നത് ജൂലിയൻ കലണ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ്. അവരുടെ പരമ്പരാഗത ആചാരങ്ങളാൽ സമ്പന്നമാണ് ആഘോഷം. ദാന ധർമ്മങ്ങൾ ചെയ്യുന്ന സമയമാണിത്. നാൽപ്പതു ദിവസത്തേക്ക് മാംസം ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നു. മറ്റു ചിലർ അന്നേ ദിവസം രാത്രി ആകാശത്ത് ആദ്യ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതു വരെ ഭക്ഷണം കഴിക്കില്ല. എന്നാൽ ഓരോ രാജ്യത്തിനും അതിൻ്റേതായ പ്രത്യേക പാരമ്പര്യങ്ങളുണ്ട്.

റഷ്യയിൽ ക്രിസ്തുമസ് രാവിൽ പ്രത്യേക വിഭവങ്ങൾകൊണ്ട് തീൻ മേശ നിറയും. പുരാണങ്ങളനുസരിച്ച് യേശു ക്രിസ്തുവിൻ്റെ 12 ശിഷ്യൻമാരെയും പ്രതിനിധീകരിച്ചുകൊണ്ട് 12 വിഭവങ്ങളുണ്ടാകും. ബീറ്റ്റൂട്ട് സൂപ്പ്, മത്സ്യം, സ്റ്റഫ് ചെയ്ത കാബേജ് എന്നിവ അവയിൽ ഉൾപ്പെടുന്നു. യുക്രെയ്നിൽ ജനുവരി 7 മുതൽ 14 വരെയാണ് ക്രിസ്തുമസ് ആഘോഷങ്ങൾ നീണ്ടു നിൽക്കുക. ക്രിസ്തുമസ് രാവിൽ റഷ്യയുടെതുപോലെ യേശുക്രിസ്തുവിൻ്റെ 12 ശിഷ്യൻമാരെയും പ്രതിനിധീകരിച്ചുകൊണ്ട് 12 വിഭവങ്ങളുണ്ടാകും.

ഖസാക്കിസ്ഥാനിൽ പരസ്പരം വീഞ്ഞ് പങ്കിട്ട് ആഘോഷിക്കുന്നതാണ് പ്രത്യേകത. പാട്ടുകൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. എത്യോപ്യയിലാവട്ടെ യേശുവിനെ സന്ദർശിച്ച ജ്ഞാനികളിൽ ഒരാൾ എത്യോപ്യയിൽ നിന്നാണ് വന്നത് എന്നതും ഒരു വിശ്വാസം നിലനിൽക്കുന്നു. ക്രിസ്തുമസിന് മുമ്പുള്ള 43 ദിവസങ്ങളിൽ ഉപവാസം. പരമ്പരാഗതമായി ഓരോ ദിവസവും ഒരു സസ്യാഹാരം മാത്രമേ കഴിക്കൂ. നോമ്പ് കാലത്ത് മാംസം, പാലുൽപ്പന്നങ്ങൾ, മുട്ട, വൈൻ എന്നിവ ഒഴിവാക്കും.

പുരുഷന്മാരും ചെറിയ ആൺകുട്ടികളും ചേർന്ന് ഒരു വളഞ്ഞ വടിയും തടി പന്തും ഉപയോഗിച്ച് ഗന്ന എന്ന ഗെയിം കളിക്കും. ക്രിസ്തുമസ് വിഭവങ്ങളിൽ എടുത്തു പറയേണ്ടത് പച്ചകറികളും മുട്ടയും മാംസവും എല്ലാം ചേർന്ന കട്ടിയുള്ളതും എരിവുള്ളതുമായ വാട്ട് എന്ന വിഭവമാണ്. സെർബിയയിൽ ക്രിസ്തുമസ് രാവിലെ അത്താഴത്തിനും അന്നേ ദിവസം പള്ളിയിലും ഓക്കിൻ്റെ കൊമ്പ് കത്തിക്കും. അന്ന് വീട്ടിലെത്തുന്ന ആദ്യ അതിഥി പുരാണങ്ങളനുസരിച്ച് മൂന്നു ജ്ഞാനികളുടെ പ്രതീകമാണ്.

ബെലാറസിൽ ക്രിസ്തുമസ് രാവിൽ പാൻ കേക്കും മത്സ്യസവുമാണ് പ്രധാന ഭക്ഷണം. പുതുവർഷത്തോടനുബന്ധിച്ച് കാർണിവലുകളും നാടോടി നാടകങ്ങളും അരങ്ങേറുന്നു. മോണ്ടെനെഗ്രോയിൽ ഒരു ബ്രഡ് കഷണത്തിൽ ഗൃഹനാഥൻ ഒരു നാണയം ഒളിപ്പിക്കുകയും അത് കണ്ടുപിടിക്കുന്ന ആൾ ആ വർഷം മുഴുവനും ഭാഗ്യമുള്ളതായും കരുതപ്പെടുന്നു.

മാസിഡോണിയയിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ ഓക്ക് മരത്തിൻ്റെ കഷ്ണം വീട്ടിലെ മൂത്ത മകനും പിതാവും ചേർന്നു മുറിക്കുന്നു. ഒരു കഷ്ണം അടുപ്പിലിടുകയും പരസ്പരം ആശംസകളും നേരുകയും ചെയ്യുന്നതാണ് ഇവിടുത്തെ പ്രധാന ആചാരം. പന്നിയിറച്ചിയും മത്സ്യങ്ങളുമാണ് പ്രധാന വിഭവങ്ങൾ. ഈ രാജ്യങ്ങൾ മാത്രമല്ല, ഏകദേശം പതിന്നാലോളം രാജ്യങ്ങൾ ജനുവരി ഏഴിനാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. അവരുടെ പരമ്പരാഗത രീതികളിലൂടെ അത് ഇന്നും തുടർന്നു പോരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com