'ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശില'; ഭരണഘടനാ ദിനം ആഘോഷിച്ച് രാജ്യം, ആശംസകൾ നേർന്ന് നേതാക്കൾ

ഒരു വർഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്
'ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശില'; ഭരണഘടനാ ദിനം ആഘോഷിച്ച് രാജ്യം, ആശംസകൾ നേർന്ന് നേതാക്കൾ
Published on

ഇന്ത്യൻ ജനാധിപത്യത്തിന്‍റെ നെടുംതൂണായ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്‍റെ 75–ാം വാർഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി.  ഭരണഘടന രൂപം കൊണ്ട പഴയ പാർലമെന്‍റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനം അഭിസംബോധന ചെയ്തു. സമ്മേളനത്തിൽ ഭരണഘടനയുടെ ആമുഖം രാഷ്ട്രപതി പാർലമെന്‍റംഗങ്ങൾക്ക് ചൊല്ലിക്കൊടുത്തു. ഒരു വർഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തിന്‍റെ പവിത്രമായ ഗ്രന്ഥമെന്നാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഭരണഘടനയെ വിശേഷിപ്പിച്ചത്. രാജ്യം നടത്തിയ മുന്നേറ്റങ്ങൾക്ക് പിന്നിൽ ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശില കൂടിയായ ഭരണഘടനയാണ്. ഭരണഘടന വ്യക്തികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

ഭരണഘടനയുടെ 75–ാം വാർഷികത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക സ്റ്റാംപിന്‍റെ പ്രകാശനവും പ്രത്യേക നാണയത്തിന്‍റെ പ്രകാശനവും രാഷ്ട്രപതി നിർവഹിച്ചു. സ്റ്റാംപിൽ അശോകസ്തംഭത്തിന്‍റെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 75 രൂപയുടെ നാണയമാണ് പുറത്തിറക്കിയത്. സംസ്‌കൃതത്തിലും മൈഥിലി ഭാഷയിലുമുള്ള ഭരണഘടനയുടെ പുതിയ പതിപ്പുകള്‍ രാഷ്ട്രപതി പ്രകാശനം ചെയ്തു.  നിയമനിർമാണ സഭ കടന്നുപോയ ചരിത്ര നിമിഷങ്ങളെ ചടങ്ങിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഓർമിപ്പിച്ചു. 2047ഓടെ ഇന്ത്യ വികസിത ഭാരതമാകുമെന്നും വൈകാതെ തന്നെ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സ്ത്രീകൾ ആകുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

Also Read: പരമാധികാര, ജനാധിപത്യ സോഷ്യലിസ്റ്റ്, മതനിരപേക്ഷ റിപ്പബ്ലിക്കായി തുടരുന്ന ഇന്ത്യൻ ഭരണഘടന

ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഭരണഘടന നിർമാണ സഭയുടെ ചരിത്രം എന്നിവ വിവരിക്കുന്ന വീഡിയോ സംയുക്ത സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടനയുടെ പിന്നിൽ പ്രവർത്തിച്ചവരെ ചടങ്ങിൽ ലോക്സഭ സ്പീക്കർ ഓം ബിർള സ്മരിച്ചു.   രാഷ്ട്രപതിക്കൊപ്പം ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർള, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, ജെപി നദ്ദ, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com