
അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട നല്‍കാനൊരുങ്ങി രാജ്യം. മൃതദേഹം ഇന്ന് 4.30ന് എയിംസ് ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങും. യെച്ചൂരി വിദ്യാര്‍ഥിയായിരുന്ന ജെഎന്‍യുവിലും പൊതുദര്‍ശനമുണ്ടാകും.
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ വൈകിട്ട് അഞ്ചര മണി വരെയാണ് പൊതുദര്‍ശനം. ഇവിടെ പൊതുദര്‍ശനത്തിനു ശേഷം വസന്ത്കുഞ്ജിലെ വീട്ടിലേക്ക് കൊണ്ടുപോകും. രാത്രി മുഴുവന്‍ പൊതുദര്‍ശനമുണ്ടാകും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിക്കും.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഓഫീസ് പ്രവര്‍ത്തിക്കുന്ന എകെജി ഭവനില്‍ നാളെയാണ് ജനറല്‍ സെക്രട്ടറിയുടെ അവസാന സന്ദര്‍ശനം. രാവിലെ പത്ത് മണിയോടെയാണ് എകെജി ഭവനില്‍ മൃതദേഹം എത്തിക്കുക. തുടര്‍ന്ന് എകെജി ഭവനില്‍ നിന്ന് അശോക റോഡ് വരെ വിലാപയാത്ര. വിലാപയാത്രയില്‍ പിബി, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ അടക്കം പങ്കെടുക്കും. ശേഷം യെച്ചൂരിയുടെ ആഗ്രഹപ്രകാരം മൃതദേഹം എയിംസില്‍ ഗവേഷണ പഠനത്തിനായി വിട്ടുനല്‍കും.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് എയിംസില്‍ ചികിത്സയിലായിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്നലെ ഉച്ചയോടെയായിരുന്നു.
2015 മുതല്‍ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്നു. 1975 ലാണ് യെച്ചൂരി സിപിഎം അംഗമാകുന്നത്. 1978ല്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1985ല്‍ 33-ാം വയസ്സില്‍ പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992ലെ പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
2005ല്‍ പശ്ചിമബംഗാളില്‍ നിന്ന് രാജ്യസഭയിലെത്തി. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സിപിഎമ്മിനെ നയിക്കുമ്പോള്‍, പാര്‍ലമെന്റില്‍ യെച്ചൂരി ഇടതുപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശബ്ദമായി. 2015ല്‍ വിശാഖപട്ടണത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ജനറല്‍ സെക്രട്ടറി പദത്തിലെത്തുന്നത്. 2018ലെ ഹൈദരാബാദ്, 2022ലെ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലും യെച്ചൂരി തന്നെ തെരഞ്ഞെടുക്കപ്പെട്ടു.
84 ല്‍ കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവായി എത്തിയതു മുതല്‍ യെച്ചൂരിയുടെ പ്രവര്‍ത്തനം കേന്ദ്രം പാര്‍ട്ടി ആസ്ഥാനമായിരുന്നു. നാളെ അവസാനമായി സഖാവ് ഒരിക്കല്‍ കൂടി തന്റെ ഓഫീസിലെത്തും. തിരിച്ചുവരവില്ലാത്ത യാത്ര പറച്ചിലിനായി.