
പൂനെയിൽ പട്ടാപ്പകൽ ദമ്പതികളുടെ പക്കൽ നിന്നും അടിച്ചു മാറ്റിയത് അഞ്ച് ലക്ഷത്തിൻ്റെ സ്വർണം. ബാങ്കിൽ നിന്നും മടങ്ങുകയായിരുന്ന സ്കൂട്ടർ യാത്രികരായിരുന്ന ദമ്പതികൾ വടാ പാവ് കഴിക്കാൻ സ്കൂട്ടർ നിർത്തിയ സമയത്താണ് ഇവരുടെ പക്കലുണ്ടായിരുന്ന സ്വർണം കള്ളൻ മോഷ്ടിച്ചത്.
ഈ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. റോഡ് സൈഡിൽ സ്കൂട്ടർ നിർത്തിയ ശേഷമായിരുന്നു ഇരുവരും വടാ പാവ് കഴിക്കാൻ ഇറങ്ങിയത്. ഭർത്താവ് വടാ പാവ് വാങ്ങുവാൻ കടയിലേക്ക് പോയ സമയത്ത് ഭാര്യ സ്കൂട്ടറിനരികിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
ആ സമയത്ത് മുഖംമൂടി അടിഞ്ഞ് ബൈക്കിലെത്തിയയാൾ എന്തോ താഴെ പോയതായി സ്ത്രീക്ക് നേരെ ചൂണ്ടിക്കാണിച്ചു. ഇത് നോക്കുവാനായി സ്ത്രീ കുനിഞ്ഞ സമയം കൊണ്ട് വെള്ള ഷർട്ട് ധരിച്ച മറ്റൊരാൾ സ്കൂട്ടറിൽ നിന്നും ആഭരങ്ങൾ സൂക്ഷിച്ചിരുന്ന ബാഗ് കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. അമ്പരന്ന് പോയ സ്ത്രീ ഇയാൾക്ക് പിറകേ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.