
മുന്‍ മന്ത്രി പി.കെ. ശ്രീമതിയോട് ഖേദം പ്രകടിപ്പിച്ചത് കരഞ്ഞതിനാലാണെന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി. ഗോപാലകൃഷ്ണന്റെ വാദം പൊളിച്ച് കോടതിയിലെ ഒത്തുതീര്‍പ്പ് രേഖ പുറത്ത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഖേദം പ്രകടിപ്പിക്കാമെന്ന ധാരണയിലാണ് കേസ് അവസാനിപ്പിക്കുന്നതെന്നാണ് ഒത്തുതീര്‍പ്പ് രേഖയില്‍ പറയുന്നത്.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഖേദം പ്രകടിപ്പിച്ചത് പി.കെ. ശ്രീമതി ആവശ്യപ്പെട്ടതിനാലാണെന്നും ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായത് താന്‍ ഉന്നയിച്ച ആരോപണത്തിന് പിന്നാലെ പലരും അവരെ കളിയാക്കിയെന്ന് കരഞ്ഞ് പറഞ്ഞതിനാലാണെന്നുമായിരുന്നു ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഇതു സംബന്ധിച്ച് ബി. ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു.
കോടതി പറഞ്ഞിട്ടോ കേസ് നടത്തിയിട്ടോ അല്ല, ഒരു സ്ത്രീയുടെ അന്തസിന് ക്ഷതം സംഭവിച്ചു എന്ന് നേരിട്ട് പി.കെ. ശ്രീമതി പറഞ്ഞപ്പോള്‍ അന്തസായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി താന്‍ കേരള രാഷ്ട്രീയത്തിന് മാതൃകയാകാനാണ് ഖേദം രേഖപ്പെടുത്തിയത് എന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ വാദം.
'പി.ടി തോമസ് പത്രസമ്മേളനം നടത്തി പറഞ്ഞ കാര്യം ആവര്‍ത്തിച്ചതാണ് '. ഇത് മനസ്സിലാക്കിയ വക്കീല്‍ ടീച്ചറെ ഉപദേശിച്ചു, ഒത്ത് തീര്‍പ്പ് വെച്ച് തീര്‍ക്കുക. കണ്ണൂര്‍ കോടതിയില്‍ ഒത്ത് തീര്‍പ്പ് വെച്ചു. ഒത്ത് തീര്‍പ്പ് സമയത്ത് ശ്രീമതി ടീച്ചര്‍കണ്ണൂര്‍ ജില്ലയിലെ ടീച്ചറുടെ ബന്ധുക്കള്‍ ടീച്ചറെ കളിയാക്കുന്നതടക്കം പറഞ്ഞ് വിഷമിച്ച് കരഞ്ഞപ്പോള്‍ ഒരു സത്രീയുടെ കണ്ണുനീരിന് എന്റെ രാഷ്ട്രീയത്തേക്കാള്‍ വില ഉണ്ടന്ന് വിശ്വസിക്കുന്ന ഞാന്‍ രാഷട്രീയത്തിന്റെ അന്തസ്സിന് ഖേദം പറയാം എന്ന് പറഞ്ഞു. ഈ ഖേദം കേസ് തീര്‍ന്നപ്പോള്‍ ടീച്ചര്‍ പത്രക്കാരോട് പറയണമെന്ന് എന്നോട് അഭ്യര്‍ഥിച്ചു. ടീച്ചര്‍ വിളിച്ച് പറഞ്ഞ് വരുത്തിയ പത്രക്കാരോട് ഇതൊന്നും പറയാതെ എനിക്ക് പോകാമായിരുന്നു. കാണാതിരിക്കാമായിരുന്നു. മറ്റൊരു ദിവസത്തേക്ക് വരാം എന്ന് പറയാമായിരുന്നു. കേരള രാഷ്ടീയത്തില്‍ എന്നും ഓര്‍ക്കുന്ന ഒരു മാതൃകയാകട്ടെ എന്റെ ഖേദം എന്ന് ഞാന്‍ ചിന്തിച്ച് ഉറപ്പിച്ച് പറഞ്ഞതാണ്. ആരും പറയിപ്പിച്ചതല്ല ആവശ്യപ്പെട്ടതുമല്ല പറയേണ്ട കാര്യവും എനിക്കില്ല കേസ്സ് നടത്തിയിട്ടുമില്ല നടത്തിയാല്‍ എനിക്കെതിരെ ഒന്നും ചെയ്യാനും പറ്റില്ല പക്ഷെ എന്റെ അന്തസ്സായ രാഷ്ട്രീയ തീരുമാനമായി ഞാന്‍ ഖേദം രേഖപ്പെടുത്തി. ഇതൊന്നും അറിയാത്ത അന്തം കമ്മികള്‍ വെറുതെ പൊലിപ്പിച്ചിട്ടിട്ട് വിവരക്കേട് പറയുന്നു,' ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പി.കെ. ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ ശ്രീമതിയുടെ മകനും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേര്‍ന്ന് മരുന്ന് കമ്പനി നടത്തിയെന്നും ഈ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് വിതരണം നടത്താനുള്ള കരാര്‍ നല്‍കിയെന്നും ഗോപാലകൃഷ്ണന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഗോപാലകൃഷ്ണന് പികെ ശ്രീമതി നോട്ടീസ് അയച്ചു. ആവശ്യം ഗോപാലകൃഷ്ണന്‍ നിരസിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോപാലകൃഷ്ണന്‍ ഹൈക്കോടതിയിലെത്തി. തുടര്‍ന്ന് ചര്‍ച്ച മധ്യസ്ഥതയിലൂടെ ഒത്തുതീര്‍പ്പാക്കുകയായിരുന്നു.