വിധവയുടെ പേരിൽ 35 ലക്ഷം രൂപയുടെ വ്യാജ വായ്പ; കരുവന്നൂർ സഹകരണ ബാങ്ക് മുൻ മാനേജർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

ആദ്യമായാണ് സ്വകാര്യവ്യക്തിയുടെ പരാതിയിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കോടതി ഉത്തരവ് വരുന്നത്
വിധവയുടെ പേരിൽ 35 ലക്ഷം രൂപയുടെ വ്യാജ വായ്പ; കരുവന്നൂർ സഹകരണ ബാങ്ക് മുൻ മാനേജർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി
Published on

വിധവയുടെ പേരിൽ 35 ലക്ഷം രൂപയുടെ വ്യാജ വായ്പയെടുത്ത കേസിൽ കരുവന്നൂർ സഹകരണ ബാങ്ക് മുൻ മാനേജർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. മൂർക്കനാട് പൊയ്യാറ ഗൗതമന്റെ ഭാര്യ ജയ്ഷ നൽകിയ പരാതിയിലാണ് കോടതി നടപടി. വ്യാജവായ്പയുടെ പേരിൽ, മുൻ മാനേജർ ബിജു കരീം 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് യുവതിയുടെ പരാതി. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ആദ്യമായാണ് സ്വകാര്യവ്യക്തിയുടെ പരാതിയിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കോടതി ഉത്തരവ് വരുന്നത്.

പൊലീസിൽ പല തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. 2013ൽ യുവതി കരുവന്നൂർ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. അത് 2018ൽ അടച്ചു തീർക്കുകയും ചെയ്തു. എന്നാൽ 2022ൽ ബാങ്ക് ഉദ്യോഗസ്ഥർ എത്തി നോട്ടീസ് നൽകിയപ്പോഴാണ് വ്യാജ വായ്പയുടെ വിവരം അറിയുന്നത്.

2013, 2015, 2016 വർഷങ്ങളിലായി 35 ലക്ഷത്തിന്റെ വായ്പയെടുത്തെന്നായിരുന്നു ബാങ്കുകാർ പറഞ്ഞത്. തുടർന്ന് ഇത് വ്യാജ വായ്പയാണെന്ന് കാണിച്ച് യുവതി പൊലീസിലും ക്രൈംബ്രാഞ്ചിലും പരാതിപ്പെട്ടെങ്കിലും, നടപടിയുണ്ടായില്ല. ഇഡി അന്വേഷണത്തിന് പിന്നാലെ 334 കോടിയുടെ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന പ്രതിയാണ് ബിജു കരീം.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com