ലൈംഗികാധിക്ഷേപ കേസ്:  ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; 14 ദിവസം റിമാന്‍ഡിൽ

അതേസമയം, ബോബി ചെമ്മണ്ണൂർ കോടതിയിൽ കുഴഞ്ഞുവീണു
ലൈംഗികാധിക്ഷേപ കേസ്:  ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; 14 ദിവസം റിമാന്‍ഡിൽ
Published on


നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജെഎഫ്സിഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ബോബി ചെമ്മണൂരിനെ റിമാന്‍ഡിൽ വിടണമെന്ന പൊലീസിന്റെ ആവശ്യം കോടതി അം​ഗീകരിച്ചു. 14 ദിവസത്തേയ്ക്കാണ് ബോബി ചെമ്മണൂരിനെ റിമാന്‍ഡിൽ വിട്ടത്. അതേസമയം, ബോബി ചെമ്മണ്ണൂർ കോടതിയിൽ കുഴഞ്ഞുവീണു. രക്ത സമ്മർദ്ദം ഉയർന്നതായാണ് സൂചന.

ബോബി ചെമ്മണ്ണൂരിനെതിരെയുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻ പരിപാടിക്ക് വേണ്ടിയാണ് ഹൈലി പെയ്ഡ് ​ഗസ്റ്റിനെ വിളിച്ചത്. ശരീരത്തിൽ കയറി പിടിച്ചിട്ടില്ല. കൈ പിടിക്കുകയാണ് ചെയ്തത്. പരിപാടി കഴിയാറായപ്പോൾ ബോബി ചെമ്മണ്ണൂരിനെ പരാതിക്കാരി അഭിനന്ദിച്ചിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു. പരിപാടി കഴിഞ്ഞ് ഫെസ്ബുക്കിൽ നടി തന്നെ ദൃശ്യങ്ങളും ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴും നടിയുടെ ഫെസ്ബുക്കിൽ ഈ ദൃശ്യങ്ങളും ഫോട്ടോകളും ഉണ്ടെന്നും പ്രതിഭാഗം.

ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയിട്ടില്ല. മഹാഭാരതത്തിലെ കഥാപാത്രത്തെ കുറിച്ചാണ് പറഞ്ഞത്. ആ സമയത്തെങ്ങും നടിക്ക് പരാതിയുണ്ടായിരുന്നില്ല. നടി പരാതിയിൽ പറയുന്നത് തെറ്റായ വിവരങ്ങളാണ്. ആലക്കോട്ടെ പരിപാടിയുടെ ദൃശ്യങ്ങൾ ഹാജരാക്കാമെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. എന്നാൽ വീഡിയോ കാണേണ്ടതില്ല എന്ന് മജിസ്ട്രറ്റ് പറഞ്ഞു.

ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അനുമതി ഇല്ലാതെയാണ് കൈയിൽ പിടിച്ച് കറക്കിയത്. ശേഷം പ്രതി ലൈംഗീക ചുവയോടെ സംസാരിച്ചു. ഉള്ളിൽ കനത്ത വേദന തോന്നിയിട്ടും പരിപാടി അലങ്കോലമാകരുത് എന്ന് കരുതിയാണ് നടി ചിരിച്ച് കൊണ്ട് നിന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ജാമ്യമില്ലാ വകുപ്പിൻ്റെ ഉദ്ദേശ്യം തന്നെ ഇത്തരം കുറ്റകൃത്യം തടയുക എന്നതാണെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

യൂട്യൂബ് ചാനലിന് നൽകിയ ഇൻ്റർവ്യു കണ്ടാൽ ബോബിയുടെ ഉദ്ദേശം മനസ്സിലാകും. ഈ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടു. പലയിടത്തും മോശം പരാമർശങ്ങൾ ഉണ്ടായി. ജിമ്മിൻ്റെ ഉത്ഘാടനത്തിന് പോയപ്പോൾ അവിടെയും വന്നു അപമാനിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. ജാമ്യം നൽകിയാൽ നിയമ വ്യവസ്ഥയെ ദുർബലമാക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകരുതെന്ന് തന്നെയാണ് സർക്കാരും കോടതിയെ അറിയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com