
ലോക മനഃസാക്ഷിയെ ഞെട്ടിച്ച ഫ്രാന്‍സിലെ ജിസേൽ പെലിക്കോട്ട് കൂട്ടബലാത്സംഗക്കേസിൽ വിധി പ്രഖ്യാപിച്ചു. ജിസേലിനെ ആഗോള സ്ത്രീ ഐക്കണാക്കി മാറ്റിയ കോളിളക്കം സൃഷ്ടിച്ച കേസിൽ, 51 പേരുടെ ശിക്ഷാ വിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്. ബലാത്സംഗങ്ങള്‍ ആസൂത്രണം ചെയ്ത മുന്‍ ഭർത്താവിന് 20 വർഷം കഠിനതടവിനാണ് ശിക്ഷിച്ചത്.
''ഞാൻ എന്തിനു മുഖം മറയ്ക്കണം എന്നു ചോദിച്ചുകൊണ്ടാണ് ആൾക്കൂട്ടത്തിനിടയിലെ ക്യാമറകൾ നോക്കി ഓരോ വിചാരണദിവസങ്ങളിലും ജിസേൽ കോടതി മുറിയിലേക്കു കടന്നുവന്നത്. ഫ്രാൻസിലെ അവിഗ്ഹോണിലെ കോടതിയിൽ മുൻപത്തെക്കാളും പ്രസരിപ്പോടെ ജിസേൽ ഇന്നും ഹാജരായി. കൂടെ മക്കളുമുണ്ട്. 2011 മുതൽ 2020 വരെയുള്ള 10 വർഷക്കാലയളവില്‍ ജിസേല്‍ പെലിക്കോട്ട് എന്ന 72 കാരി ബലാത്സംഗത്തിനിരയായത് 200 ലധികം തവണയാണ്. ഈ കേസിലാണ് കോടതി ഇന്ന് വിധി പ്രസ്താവിച്ചത്.
മുൻ ഭർത്താവ് ഡൊമിനിക് പെലിക്കോട്ട് അടക്കം 51 പേരും കുറ്റക്കാർ. ജിസേലിന്‍റെ ബലാത്സംഗങ്ങള്‍ ആസൂത്രണം ചെയ്ത മുന്‍ ഭർത്താവിന് 20 വർഷം കഠിനതടവ് കോടതി വിധിച്ചു. കൂട്ടുപ്രതികളിലൊരാളായ ജീൻ പിയറി മരേച്ചിലിനു 12 വർഷമാണ് തടവ്. ജിസേലിനെ കൂടാതെ സ്വന്തം ഭാര്യയെ ബലാംത്സംഗം ചെയ്തതിനടക്കമാണ് ജീനീന് ശിക്ഷ. ബാക്കി 49 പ്രതികള്‍ക്ക് അഞ്ചു വർഷം മുതൽ 15 വർഷം വരെയാണ് തടവ്. പ്രതികൾക്ക് അപ്പീൽ നൽകാൻ പത്തുദിവസം സമയം അനുവദിച്ചു.
27 നും 74 നും ഇടയിൽ പ്രായമുള്ള 70 ലധികം പുരുഷന്മാർ ജിസേലിനെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുറ്റപത്രം. ഉറക്ക ഗുളികകളും മറ്റ് മയക്കുമരുന്നുകളും നല്‍കി ജിസേലിനെ മയക്കി കിടത്തിയ മുന്‍ ഭർത്താവ്, ലൈംഗികാതിക്രമം നടത്താൻ അപരിചിതരെ ഓൺലൈൻ വഴി ക്ഷണിക്കുകയായിരുന്നു. 2020 ൽ മറ്റൊരു ലെെംഗികാതിക്രമശ്രമത്തിനിടെ അറസ്റ്റിലായ ഡൊമനിക് പെലിക്കോട്ടിന്‍റെ ഫോണ്‍ പരിശോധിച്ച പോലീസാണ് ബലാത്സംഗ ദൃശ്യങ്ങള്‍ കണ്ടെടുത്തത്. അതോടെ ഒരു ദശാബ്ദകാലത്തോളം ജിസേലിനെതിരെ നടന്ന അതിക്രമങ്ങള്‍ പുറംലോകം അറിഞ്ഞു.
കേസിൽ ചിലർ കുറ്റസമ്മതം നടത്തി. ചിലർ ജിസേലിന്‍റെ സമ്മതമില്ലാതെയാണ് ലെെംഗികബന്ധമെന്ന് അറിഞ്ഞില്ലെന്ന് വാദിച്ചു. ചിലർ ബലാത്സംഗത്തിന് ഭർത്താവിന്‍റെ സമ്മതമുണ്ടായിരുന്നു എന്നും അതുകൊണ്ട് ഇതൊരു കുറ്റകൃത്യമല്ല എന്നും വാദിച്ചു. പ്രതികളില്‍ മാധ്യമപ്രവർത്തകരും ആരോഗ്യപ്രവർത്തരും അഗ്നിരക്ഷാ സേനാംഗങ്ങളും വരെയുണ്ടായിരുന്നു.