പെരിയ ഇരട്ടക്കൊല: പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുന്‍ എംഎല്‍എ അടക്കം നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വർഷം തടവ്

2019 ഫെബ്രുവരി 17ന് വൈകുന്നേരും ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെടുന്നത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പെരിയ ഇരട്ടക്കൊല: പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുന്‍ എംഎല്‍എ അടക്കം നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വർഷം തടവ്
Published on

പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തവരാണിവർ. ഗൂഢാലോചനയുടെ ഭാഗമായ പത്തും പതിനഞ്ചും പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവാണ് വിധിച്ചിരിക്കുന്നത്. ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള മറ്റ് പ്രതികള്‍ക്ക് അഞ്ച് വർഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഈ പ്രതികളുടെ ജാമ്യവും കോടതി റദ്ദാക്കി. കൊച്ചി സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി.   24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

കേസിൽ വിധി പറയുന്നതിന് മുന്‍പ് പ്രതികളെ ഒരിക്കല്‍ കൂടി കേള്‍ക്കണമെന്ന് പ്രതിഭാ​ഗത്തിനു വേണ്ടി ഹാജരായ അഡ്വ. സി.കെ ശ്രീധരന്‍ ആവശ്യപ്പെട്ടിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി പ്രതികളുടെ ഭാ​ഗം കോടതി കേട്ടു. ഇവ‍ർ സ്ഥിരം കുറ്റവാളികളല്ലെന്ന് പ്രതിഭാ​ഗം വക്കീല്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, അപൂർവങ്ങളിൽ അപൂർവമായ കേസല്ലിതെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് മനപരിവര്‍ത്തനത്തിനുള്ള അവസരം നല്‍കണം.  കേസില്‍ സാക്ഷികള്‍ നല്‍കിയ മൊഴികള്‍ സംശയാതീതമല്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദത്തെ 13 പേർ കൊല്ലപ്പെട്ട ഡൽഹി സ്ഫോടന കേസിൽ പോലും ഹൈക്കോടതി ജീവപര്യന്തം തടവ് ആണ് നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം എതിർത്തത്. 

മൂന്ന് വർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ കൊച്ചി സിബിഐ കോടതി, പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷാ വിധി പ്രസ്താവിച്ചിരിക്കുന്നത്. 2023 ഫെബ്രുവരി രണ്ടിനാണ് സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.  154 പ്രോസിക്യൂഷൻ സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. 495 രേഖകളും, 85 തൊണ്ടിമുതലും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ബോബി ജോസഫാണ് ഹാജരായത്. 2024 ഡി​സം​ബ​ർ 28ന് 14 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാണെന്ന് കോ​ട​തി വി​ധി പുറപ്പെടുവിച്ചു. പ്രതികളിൽ 10 പേ​രെ കൊ​ച്ചി സിബിഐ കോ​ട​തി വെ​റുതെ​വി​ട്ടു. ​കുറ്റക്കാരാണെന്ന് കണ്ടെത്തിയവരില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കം ആറ് പേർ സിപിഎമ്മിന്‍റെ പ്രധാന നേതാക്കളാണ്.

2019 ഫെബ്രുവരി 17ന് വൈകുന്നേരും ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെടുന്നത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് ആണ് കേസ് അന്വേഷിച്ചത്. കൃത്യത്തില്‍ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരന്‍ അടക്കമുള്ളവരെ ക്രൈം ബ്രാഞ്ച് പിടികൂടിയിരുന്നു.

എന്നാൽ കൊലപാതകത്തിനു പിന്നിലെ ​ഗൂഢാലോചന കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം. ഈ ഘട്ടത്തിലാണ് ഉദുമ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി. കുഞ്ഞിരാമൻ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ‍ന്റ് കെ. മണികണ്ഠൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ. ബാലകൃഷ്ണൻ, ഭാസ്കരൻ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി.

പെരിയ കേസിൽ ശിക്ഷിക്കപ്പെട്ടവർ ( പ്രതി പട്ടികയുടെ ക്രമത്തില്‍)

1. എ. പീതാംബരന്‍: ഇരട്ട ജീവപര്യന്തം  (കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ)
2. സജി സി. ജോർജ്: ഇരട്ട ജീവപര്യന്തം  (കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ)
3. കെ.എം. സുരേഷ്: ഇരട്ട ജീവപര്യന്തം  (കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ)  
4. കെ. അനിൽ കുമാർ: ഇരട്ട ജീവപര്യന്തം (കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ)
5. ജിജിൻ: ഇരട്ട ജീവപര്യന്തം (കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ)
6. ആർ. ശ്രീരാഗ്: ഇരട്ട ജീവപര്യന്തം  (കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ)
7. എ. അശ്വിൻ: ഇരട്ട ജീവപര്യന്തം (കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ)
8. സുബീഷ്: ഇരട്ട ജീവപര്യന്തം (കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ)
10. രഞ്ജിത് ടി: ഇരട്ട ജീവപര്യന്തം (ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, പ്രതികളെ രക്ഷപെടാൻ സഹായിക്കൽ)

14. കെ. മണികണ്ഠൻ: അഞ്ച് വർഷം തടവ്, 10000 രൂപ പിഴ (തെളിവ് നശിപ്പിക്കൽ, പ്രതികളെ രക്ഷപെടാൻ സഹായിക്കൽ, പോലീസ് കസ്റ്റഡിയിൽ നിന്നും രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തൽ)

15. എ. സുരേന്ദ്രൻ: ഇരട്ട ജീവപര്യന്തം (ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, പ്രതികളെ രക്ഷപെടാൻ സഹായിക്കൽ)
20. കെ.വി. കുഞ്ഞിരാമൻ: അഞ്ച് വർഷം തടവ്, 10000 രൂപ പിഴ  (പൊലീസ് കസ്റ്റഡിയിൽ നിന്നും രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തൽ)
21. രാഘവൻ വെളുത്തോളി : അഞ്ച് വർഷം തടവ്, 10000 രൂപ പിഴ (പൊലീസ് കസ്റ്റഡിയിൽ നിന്നും രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തൽ)
22. ഭാസ്കരൻ വെളുത്തോളി: അഞ്ച് വർഷം തടവ്, 10000 രൂപ പിഴ (പൊലീസ് കസ്റ്റഡിയിൽ നിന്നും രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തൽ)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com