
നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ അംഗരക്ഷകർക്ക് ക്ലീൻ ചിറ്റ് നൽകിയ അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതേസമയം പൊലീസ് റിപ്പോർട്ടിനെതിരെ മർദനമേറ്റവർ തടസ ഹർജി ഫയൽ ചെയ്യും.
നവകേരള യാത്രയ്ക്ക് ഇടയിൽ മുഖ്യമന്ത്രിയുടെ ബസിന് നേരെ പ്രതിഷേധിച്ച യൂത്ത്കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കുര്യാക്കോസും കെ എസ് യു ജില്ലാ പ്രസിഡൻ്റ് എ.ഡി.തോമസുമാണ് ക്രൂര മർദനത്തിന് ഇരയായത്. പ്രതിഷേധക്കാർ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരുടെ നിയന്ത്രണത്തിലായിരുന്നു. എന്നിട്ടും പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറും സംഘവും അകമ്പടി വാഹനത്തില്‍ നിന്ന് ഇറങ്ങി വന്നു വളഞ്ഞിട്ട് അടിക്കുകയായിരുന്നു.
ALSO READ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവം: ദൃശ്യങ്ങളില്ല, മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്
കോടതി നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. മാസങ്ങൾക്ക് ശേഷം നൽകിയ റെഫർ നോട്ടീസിൽ പൊലീസ് എഴുതി ചേർത്തതാകട്ടെ വിചിത്ര കണ്ടെത്തലുകളും. ഗൺമാൻമാർ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്ന വാദമാണ് ഇതിൽ സുപ്രധാനം. സുരക്ഷാ ഉദ്യോഗസ്ഥർ ചെയ്തത് അവരുടെ ഡ്യൂട്ടിയാണെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടില്‍ ന്യായീകരിക്കുന്നു.
രാഷ്ട്രീയ പ്രേരിതവും വസ്തുതാ വിരുദ്ധവുമായ റഫറൽ റിപ്പോർട്ട് തള്ളണമെന്ന് മർദനമേറ്റവർ കോടതിയെ അറിയിക്കും. ഗുണ്ടകളെ പോലെ പെരുമാറിയ മുഖ്യമന്ത്രിയുടെ ഗണ്‍മാനും അംഗരക്ഷർക്കും ശിക്ഷ ലഭിക്കും വരെ നിയമപോരാട്ടം തുടരാനാണ് ഇവരുടെ തീരുമാനം.