
രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. മെയ് മാസം ഏറ്റവുമധികം കേസുകള്‍ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. ചെെനയില്‍ റിപ്പോർട്ടു ചെയ്ത രണ്ട് പുതിയ വൈറസ് വകഭേദങ്ങള്‍ കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. അതേസമയം, നിരീക്ഷണ സംവിധാനം ശക്തമാണെന്നും ആശങ്കയുടെ സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മെയ് 19 വരെ രാജ്യത്ത് 257 കോവിഡ് കേസുകളാണ് റിപ്പോർട്ടുചെയ്തത്. ആരോഗ്യമന്ത്രാലത്തിന്‍റെ കണക്കനുസരിച്ച് കേരളത്തിൽ 273 കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിന് പുറമേ തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍. 24 മണിക്കൂറിനിടെ ഡൽഹിയിൽ 23 പുതിയ കേസുകൾ സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കർണാടകയില്‍ ഈ വർഷം ഇതുവരെ 38 പേർക്ക് കോവിഡ് ബാധിച്ചു. ഇതില്‍ 32ഉം ബെംഗളുരുവിലാണ്. ബെംഗളുരുവില്‍ ശനിയാഴ്ച മരിച്ച 84 കാരന് മരണാനന്തരം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട്ടിൽ 34ഉം, മഹാരാഷ്ട്രയിൽ 44 കേസുകളും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ ശനിയാഴ്ച മരിച്ചു.
ഇന്ത്യയിലെ കേസുകളില്‍ 50 ശതമാനത്തിന് മുകളിലും ജെഎൻ.1 വകഭേദമാണ്. ബിഎ.2, ഒമിക്രോൺ എന്നീ ഉപവകഭേദങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ചൈനയിൽ നേരത്തേ സ്ഥിരീകരിച്ച എൻബി.18.1 വകഭേദത്തിൻ്റെ ഒരു കേസും എൽഎഫ്.7 വകഭേദത്തിന്‍റെ നാല് കേസുകളും രാജ്യത്ത് പുതുതായി കണ്ടെത്തി.
തമിഴ്നാട്ടിലും ഗുജറാത്തിലുമാണ് പുതിയ വകഭേദങ്ങള്‍ റിപ്പോർട്ട് ചെയ്തത്. താരതമ്യേന ഭീഷണി കുറഞ്ഞതാണ് ഇവയെങ്കിലും ചില ഉപവകഭേദങ്ങൾക്ക് വ്യാപന സാധ്യത കൂടുതലാണെന്ന് പരിശോധനാ ലാബുകളുടെ ജെനോമിക്സ് കൺസോർഷ്യം റിപ്പോർട്ട് പറയുന്നു. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രോഗം സ്ഥിരീകരിച്ചവരെല്ലാം വീട്ടില്‍ നിരീക്ഷണത്തിലാണ്. സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.