വീണ്ടും കോവിഡ് വ്യാപനം? ഒരാഴ്ചക്കിടെ നാലിരട്ടി വർധന; കൂടുതൽ കേസുകൾ ദക്ഷിണേന്ത്യയിൽ

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർധനവോ കൊവിഡ് ലക്ഷണങ്ങൾക്ക് സമാനമായ കേസുകളോ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് സംസ്ഥാനങ്ങൾ‌ക്ക് നേരത്തേ തന്നെ നിർദേശം നൽകിയിട്ടുണ്ട്.
വീണ്ടും കോവിഡ് വ്യാപനം?  ഒരാഴ്ചക്കിടെ നാലിരട്ടി വർധന; കൂടുതൽ കേസുകൾ ദക്ഷിണേന്ത്യയിൽ
Published on

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഒരാഴ്ചകൊണ്ട് നാലിരട്ടി വർധന. സജീവമായ കോവിഡ് കേസുകളുടെ എണ്ണം ആയിരം പിന്നിട്ടു. നിലവില്‍ 1,009 കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഒരാഴ്ച മുന്‍പ് 257 രോഗബാധിതരാണുണ്ടായിരുന്നത്. കേരളം, തമിഴ്‌നാട്, കർണാടക മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍. 400ന് മുകളില്‍ കേസുകളാണ് കേരളത്തില്‍ റിപ്പോർട്ട് ചെയ്തത്.


അതേസമയം, ആശങ്കയുടെ സാഹചര്യമില്ലെന്നും രോഗം സ്ഥിരീകരിച്ചവരെല്ലാം വീടുകളില്‍ നിരീക്ഷണത്തിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർധനവോ കോവിഡ് ലക്ഷണങ്ങൾക്ക് സമാനമായ കേസുകളോ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് സംസ്ഥാനങ്ങൾ‌ക്ക് നേരത്തേ തന്നെ നിർദേശം നൽകിയിട്ടുണ്ട്. കിടക്കകൾ, മരുന്നുകൾ‌ ഉൾപ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പാക്കണമെന്നും നിർ‍ദേശിച്ചിട്ടുണ്ട്. ജാ​ഗ്രത പുലർ‌ത്തണമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യവ്യാപകമായി കോവിഡ് വ്യാപനം വർധിക്കുന്നതിനിടെ രണ്ട് പുതിയ കോവിഡ് വകഭേദങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇന്ത്യൻ സാർസ് കോവിഡ് 2 ജീനോമിക്സ് കൺസോർഷ്യമാണ് (INSACOG) ഈ വിവരം പുറത്തുവിട്ടത്. NB.1.8.1, LF.7 എന്നീ രണ്ട് വകഭേദങ്ങളാണ് പുതിയ കോവിഡ് വ്യാപനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുടെ 2025 മെയ് മാസത്തെ വിലയിരുത്തൽ പ്രകാരം ഈ രണ്ടു കോവിഡ് വകഭേദങ്ങളും അപകടകാരികൾ അല്ലെന്നാണ് സൂചന.

തമിഴ്നാട്ടിൽ NB.1.8.1 കോവിഡ് വകഭേദവുമായി ഒരാൾ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം, LF.7 വകഭേദവുമായി ഗുജറാത്തിൽ നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. INSACOG നൽകുന്ന വിവരമനുസരിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് തമിഴ്നാട്ടിൽ ഒരാൾ NB.1.8.1 കോവിഡ് വകഭേദവുമായി ചികിത്സ തേടിയത്. മെയ് മാസത്തിലാണ് ഗുജറാത്തിൽ നാലുപേർക്ക് LF.7 വകഭേദത്തിലൂടെ രോഗബാധ ഉണ്ടായതെന്നും പിടിഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

NB.1.8.1 വൈറസ് അപകടഭീതി കുറഞ്ഞവയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ അഡീഷണൽ പബ്ലിക് ഹെൽത്ത് വിഭാഗം വിശദീകരിക്കുന്നത്. നിലവിലുള്ള കോവിഡ് വാക്സിനുകൾ കൊണ്ട് തീർത്തും പ്രതിരോധിക്കാവുന്ന വാക്സിൻ ആണിതെന്നും WHO അറിയിച്ചു.

ഇന്ത്യയിൽ ഏറ്റവുമധികം കോവിഡ് വ്യാപനത്തിനിടയാക്കിയ വൈറസ് JN.1 ആണെന്നാണ് കണ്ടെത്തൽ. ഇന്ത്യയിൽ റിപ്പോർട്ട് 53 ശതമാനം കോവിഡ് കേസുകളിലേയും രോഗകാരിയായ വൈറസ് ഇതായിരുന്നു. BA.2 വൈറസാണ് രണ്ടാം സ്ഥാനത്ത്. 26 ശതമാനം ഇന്ത്യക്കാരിലും ബാധിച്ചത് BA.2 കോവിഡ് വകഭേദമായിരുന്നു. മൂന്നാം സ്ഥാനത്ത് 20 ശതമാനം രോഗബാധയുമായി ഒമിക്രോൺ ആണുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com