
എസ്ഡിപിഐയുടെ ഓഫീസുകളിൽ രാജ്യവ്യാപകമായി ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ബിജെപി സർക്കാർ ഇഡിയെ ഉപയോഗിക്കുകയാണെന്നാണ് ലത്തീഫിൻ്റെ വിമർശനം. അതിന്റെ അതിന്റെ അവസാനത്തെ ഇരയാണ് എസ്ഡിപിഐ ദേശീയപ്രസിഡന്റ് എം.കെ ഫൈസിയെന്നും, അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗമായായിരുന്നെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു.
വഖഫ് വിഷയത്തിൽ ഉണ്ടായ വ്യാപക പ്രതിഷേധത്തിന്റെ പകപോക്കലാണ് ഇപ്പോഴത്തെ നടപടിയെന്ന് സി.പി.എ ലത്തീഫ് പറഞ്ഞു. രണ്ട് വർഷം മുൻപ് എടുത്ത കേസിൽ എം.കെ. ഫൈസി അന്വേഷണത്തോട് സഹകരിച്ചിരുന്നു. എന്നാൽ നിരന്തരം ശല്ല്യം ചെയ്തപ്പോളാണ് ഫൈസി ഹാജരാവാതിരുന്നത്. ഇത് പാർട്ടി പ്രവർത്തനത്തെ തളർത്താനുള്ള നീക്കമാണെന്നും ലത്തീഫ് ആരോപിച്ചു.
എസ്‌ഡിപിഐ പോപ്പുലർ ഫ്രണ്ടിൻ്റെ ഫണ്ട് വാങ്ങിയെന്ന് ഇഡിയുടെ വാദത്തെ ലത്തീഫ് തള്ളി. പോപ്പുലർ ഫ്രണ്ടുമായി എസ്‌ഡിപിഐയ്ക്ക് ബന്ധം ഇല്ല. ലഘുലേഖകൾ മുതൽ ഫണ്ട് പിരിവിന്റെ രസീതുകൾ അടക്കം ഓഫീസിൽ നിന്ന് ഇഡി കൊണ്ടുപോയി. രാഷ്ട്രീയ പ്രവർത്തനത്തെ നിരോധിക്കാൻ ആർക്കാണ് കഴിയുക എന്ന് ചോദിച്ച ലത്തീഫ്, പല രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നുള്ളവരും എസ്‌ഡിപിഐയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ലത്തീഫ് പറഞ്ഞു.
രാജ്യവിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പോപ്പുലർ ഫ്രണ്ട് ഫണ്ടിംഗ് എസ്‌ഡിപിഐയ്ക്ക് ലഭിച്ചതായാണ് ഇഡി ആരോപിക്കുന്നത്. പിന്നാലെ ഇഡി എസ്‌ഡിപിഐ ഓഫീസുകളിൽ രാജ്യവ്യാപക റെയ്ഡ് സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചെലവുകൾക്കായി 3.75 കോടി നൽകിയതിന്റെ രേഖകളും ഇഡിക്ക് ലഭിച്ചു.
പിഎഫ്ഐ കേഡർമാർ സ്വരൂപിക്കുന്ന പണം എസ്ഡിപിഐയിലൂടെ റൂട്ട് മാറ്റാന്‍ ശ്രമിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഹവാലയടക്കമുള്ള മാർഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം എത്തിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും റമദാന്‍ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചു. ഹജ്ജ് തീർഥാടന കാലത്ത് ഇന്ത്യക്കാരെ സഹായിക്കാൻ എന്ന പേരിൽ ഫണ്ട് പിരിച്ചിരുന്നു. നിയമസഹായം, കമ്മ്യൂണിറ്റി പിന്തുണ എന്നിവയുടെ പേരിലും ഇ-വാലറ്റുകള്‍ വഴിയും ഇന്ത്യയിലേക്ക് ഫണ്ട് എത്തിയെന്നും ഇഡി പറയുന്നു.
എസ്ഡിപിഐയുടെ സാമ്പത്തിക ബുദ്ധി കേന്ദ്രം ദേശീയ അധ്യക്ഷൻ എം.കെ. ഫൈസി തന്നെയാണെന്നും ഫൈസിയുടെ അറിവോടെയാണ് സംഘടനയുടെ സാമ്പത്തിക ഇപാടുകള്‍ നടന്നതെന്നുമാണ് ഇഡിയുടെ വാദം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസം ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.