ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ച: ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ മാറ്റണം; നിലപാട് കടുപ്പിച്ച് സിപിഐ

ആർഎസ്എസ് കുടിക്കാഴ്ചയുടെ പേരിൽ ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും അജിത് കുമാറിനെ സംരക്ഷിക്കുന്നത് സർക്കാരിനെയും പാർട്ടിയെയും പ്രതിക്കൂട്ടിലാക്കുമെന്നാണ് വാദം
ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ച: ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ മാറ്റണം; നിലപാട് കടുപ്പിച്ച് സിപിഐ
Published on

ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ചതോടെ എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റാൻ സമ്മർദം ഏറുന്നു. സിപിഐ നിലപാട് കടുപ്പിച്ചതിന് പിന്നാലെ സിപിഎമ്മിനുള്ളിലും ആവശ്യം ശക്തമായി. അതേസമയം, അൻവറിൻ്റെ മൊഴിയിൽ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. ആർഎസ്എസ് കൂടിക്കാഴ്ചയുടെ പേരിൽ ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും അജിത് കുമാറിനെ സംരക്ഷിക്കുന്നത് സർക്കാരിനെയും പാർട്ടിയെയും പ്രതിക്കൂട്ടിലാക്കുമെന്നാണ് വാദം.

അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടക്കുമ്പോൾ അജിത് കുമാർ ക്രമസമാധാന ചുമതലയിൽ തുടരുന്നത് ശരിയല്ലെന്ന നിലപാടിൽ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഉറച്ചുനിൽക്കുകയാണ്. ആദ്യം അജിത് കുമാറിന് സംരക്ഷണം ഒരുക്കിയ മുഖ്യമന്ത്രി ഇപ്പോൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആർഎസ്എസ് കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി മൗനം തുടരുകയാണ്. അജിത് കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യം പാർട്ടിയിലും ശക്തമാവുകയാണ്.

അതിനിടെ പി.വി. അൻവർ എംഎൽഎ നൽകിയ മൊഴിയിൽ വിശദമായ അന്വേഷണം നടത്താനാണ് പ്രത്യേക സംഘത്തിൻ്റെ തീരുമാനം. ഇന്നലെ തൃശ്ശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിൻ്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം നീണ്ട മൊഴിയാണ് അൻവറിൽ നിന്ന് രേഖപ്പെടുത്തിയത്. ഈ മൊഴി ഡിജിപി നേരിട്ട് വിലയിരുത്തും. അൻവർ നൽകിയ തെളിവുകളും പരിശോധിക്കും. അതിനുശേഷം അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം. മലപ്പുറം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തും എടവണ്ണയിലെ കൊലപാതകം ഉൾപ്പെടെയുള്ള വിവരങ്ങളുമാണ് മൊഴിയിൽ അൻവർ കൂടുതലായി പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com