
തൃശൂർ പൂരം കലക്കിയതിൽ എഡിജിപിക്ക് മുകളിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം. കെ.പ്രകാശ് ബാബു. പൊലീസിന് പുറത്ത് ആർക്കെങ്കിലും റോളുണ്ടോ എന്നും പരിശോധിക്കണം. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണം എന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് മലയാളം ക്രോസ് ഫയറിലായിരുന്നു പ്രകാശ് ബാബുവിൻ്റെ പ്രതികരണം.
ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കുന്നതിൽ സർക്കാർ കാലതാമസം വരുത്തി. ഇനിയും വൈകിയാൽ സിപിഐ മന്ത്രിമാർ വഴി നടപടിക്ക് സമ്മർദ്ദം ചെലുത്തും. തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കണം. അതിനൊരു പരിധി നിശ്ചയിക്കേണ്ടതില്ല. എഡിജിപിയല്ല അതിന് മുകളിലും ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കണം. പൂരം അലങ്കോലപ്പെടുമ്പോൾ ആ സ്ഥലത്തുണ്ടായിരുന്ന വ്യക്തിയാണ് എഡിജിപി എം.ആർ. അജിത് കുമാർ. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിനെ സിപിഐ തള്ളിക്കളയുകയാണെന്നും പ്രകാശ് ബാബു പറഞ്ഞു.
നടന്‍ സിദ്ദീഖിനെതിരായ ബലാത്സംഗ കേസിൽ പൊലീസ് ഒത്തുകളിച്ചിട്ടുണ്ടെന്നും പ്രകാശ് ബാബു ആരോപിച്ചു. ക്രിമിനലുകളുമായി ചേർന്ന് പൊലീസിൽ ഒരു ശൃംഖല പ്രവർത്തിക്കുന്നു. പി.വി. അൻവറിനെ ചുമന്നവർ പാപഭാരവും ചുമക്കട്ടെ . സിപിഐക്ക് ഇതില്‍ ഉത്തരവാദിത്തമില്ല. അന്‍വര്‍ വിഷയം ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും കെ. പ്രകാശ് ബാബു പറഞ്ഞു.
തൃശൂരിലെ തോൽവിയിൽ പൂരം കലക്കലിനൊപ്പം കരുവന്നൂർ കേസും വിഷയമായി. കരുവന്നൂർ കേസ് ഇടത് വോട്ട് ബാങ്കുകളിൽ ചോർച്ചയുണ്ടാക്കി എന്ന് തന്നെയാണ് കരുതുന്നതെന്നും ന്യൂസ് മലയാളം ക്രോസ് ഫയറിൽ കെ. പ്രകാശ് ബാബു പറഞ്ഞു.