
ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിൽ മുഖ്യമന്ത്രി ഇടപെട്ട് ചർച്ച നടത്തണമെന്ന് മുതിർന്ന സിപിഐ നേതാവും മുൻമന്ത്രിയുമായ വി.എസ്. സുനിൽ കുമാർ. വിഷയം വിശ്വാസികളെ മാത്രം ബാധിക്കുന്നതല്ലെന്നും ഉത്തരവ് പ്രകാരം പൂരം നടത്തുകയെന്നത് പ്രായോഗികമല്ലെന്നും വി.എസ്. സുനിൽ കുമാർ പറഞ്ഞു.
നാട്ടാന പരിപാലന ചട്ടത്തിൽ സർക്കാർ അടിയന്തരമായി ഭേദഗതി കൊണ്ടുവരണമെന്ന് വി.എസ്. സുനിൽകുമാർ പറഞ്ഞു. ഭേദഗതി കൊണ്ടുവന്നില്ലെങ്കിൽ തൃശൂർ പൂരം അടക്കമുള്ള പൂരങ്ങൾ പ്രതിസന്ധിയിലാകും. തെക്കോട്ടിറക്കം 15 ആനകളെ വെച്ച് നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും വി.എസ്. സുനിൽ കുമാർ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് രാഷ്ട്രീയ ആയുധമാക്കാൻ ഇട നൽകരുതെന്നും സുനിൽകുമാർ പറഞ്ഞു.
ആന പരിപാലനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍, 2012ലെ ചട്ടങ്ങള്‍, സുപ്രീം കോടതിയുടെ 2015 ആഗസ്ത് 18ലെ ഉത്തരവിലെ നിര്‍ദേശങ്ങള്‍, കോടതിയുടെ ശ്രദ്ധയില്‍പ്പെട്ട മറ്റു പ്രശ്നങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഉത്സവങ്ങള്‍ക്ക് ക്ഷേത്രാങ്കണത്തിലോ മറ്റു സ്ഥലങ്ങളിലോ ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍ നിന്നും വാദ്യമേളങ്ങളില്‍ നിന്നും നിര്‍ദ്ദിഷ്ട അകലം പാലിക്കണമെന്നതും സമയക്രമങ്ങളും ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങളോടെ ആയിരുന്നു ഹൈക്കോടതി ഉത്തരവ്.