
കെ.ഇ. ഇസ്മായിലിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്ന് കെ.ഇ. ഇസ്മയിൽ പ്രവർത്തിക്കണമെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് പറഞ്ഞു. സി.കെ. ചന്ദ്രപ്പൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് തുടങ്ങിയ വിഭാഗീയ പ്രവർത്തനമാണ് കെ.ഇ. ഇസ്മായിൽ ഇപ്പോഴും തുടരുന്നത്. അന്ന് പാർട്ടി ഇസ്മായിലിനെ തിരുത്താൻ തയാറാകാത്തതിൻ്റെ അന്തരഫലമാണ് സേവ് സിപിഐ ഫോറമെന്നും കെ.പി. സുരേഷ് രാജ് സംസ്ഥാന കൗൺസിലിൽ ആരോപിച്ചു.
സിപിഐ വിമതരെ അനുകൂലിച്ചുള്ള ഇസ്മായിലിന്റെ പ്രസ്താവന പാർട്ടിക്ക് തിരിച്ചടിയാകുന്നു എന്ന് വിലയിരുത്തി ഇസ്മായിലിനെതിരെ നടപടി എടുക്കണമെന്ന് സിപിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പാലക്കാട് നടന്ന സേവ് സിപിഐ ഫോറത്തിന് പിന്തുണ നൽകുന്നു എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ സിപിഐ ജില്ലാ കൗൺസിൽ ഇസ്മായിലിനെതിരെ നടപടി ആവശ്യപ്പെടുകയായിരുന്നു. സേവ് സിപിഐ ഫോറവുമായി ചർച്ച നടത്തണമെന്നും അവരെ പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും ഇസ്മായിൽ പറഞ്ഞിരുന്നു, ഈ നിലപാടിനെ ഔദ്യോഗിക വിഭാഗം തള്ളി.