
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പി.പി. ദിവ്യ രാജിവച്ചതില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പൊതുപ്രവർത്തകർക്ക് അധികാരം കൈവരുമ്പോൾ അതിന്‍റെ ധാർഷ്ട്യത്തിൽ എന്തും ചെയ്യാം, എന്തും പറയാം എന്ന് അവസ്ഥ നല്ലതല്ല. പ്രത്യേകിച്ച് ഇടതുപക്ഷ പ്രവർത്തകർ. അധികാരത്തിന്‍റെ ഹുങ്കിൽ ഇതുപോലെ പെരുമാറുന്നത് ശരിയല്ല എന്നതാണ് നവീൻ ബാബു സംഭവം പറയുന്നത്. ദിവ്യ പാഠം ഉൾക്കൊള്ളും എന്നാണ് കരുതുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്രനായി തീരുമാനിച്ച ഡോ.പി. സരിനെ പി.വി. അന്‍വറുമായി താരതമ്യപ്പെടുത്തുന്നതിലും ബിനോയ് വിശ്വം വിയോജിപ്പ് രേഖപ്പെടുത്തി. ഒരാളുടെ രാഷ്ട്രീയ നിലപാടിൽ മാറ്റം വന്നാൽ അതിന്‍റെ അർഥത്തെ വ്യാഖ്യാനിക്കാൻ എല്ലാവർക്കും അവസരമുണ്ട്. അൻവറും സരിനും തമ്മിൽ താരതമ്യം വേണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Also Read: "പാലക്കാട് സരിൻ ഫാക്ടറില്ല"; ഉപതെരഞ്ഞെടുപ്പില്‍ എസ്‌ഡിപിഐ പിന്തുണ തള്ളാതെ രാഹുൽ മാങ്കൂട്ടത്തിൽ
'ഇന്ത്യ' സഖ്യത്തിലെ പ്രധാന കക്ഷിയായ സിപിഐ മത്സരിക്കുന്ന വയനാട്ടിൽ കോൺഗ്രസ് മത്സരിക്കുന്നതിലൂടെ ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്തുന്ന നടപടിയാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. കോൺഗ്രസിന്‍റെ രാഷ്ട്രീയ വിവേകത്തിന്‍റെ പ്രശ്നമാണ് വയനാട്. ഹരിയാനയിലും വയനാട്ടിലും രാഷ്ട്രീയ വിവേകം കോൺഗ്രസ് കാണിക്കുന്നില്ല. ആർഎസ്എസ് രാഷ്ട്രീയത്തെ ചെറുക്കാനുള്ള കുന്തമുനയാണ് ഇന്ത്യ മുന്നണി. എന്നാല്‍, പാർട്ടികൾ തമ്മിൽ പാലിക്കേണ്ട കൊടുക്കൽ വാങ്ങൽ വയനാട്ടിൽ ഉണ്ടാകുന്നില്ലെന്നും ബിനോയ് വിശ്വം ആരോപിച്ചു. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ 100 ശതമാനം വിജയം ഉറപ്പാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
വയനാട് ഉപതെരഞ്ഞെടുപ്പില്‍ സിപിഐയുടെ സത്യന്‍ മൊകേരിയാണ് ഇടതുമുന്നണി സ്ഥാനാർഥി. യുഡിഎഫിനു വേണ്ടി പ്രിയങ്ക ഗാന്ധിയാണ് മത്സരരംഗത്തുള്ളത്. എന്നാല്‍ ബിജെപി ഇതുവരെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ല. നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബുവിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കമാണ് ബിജെപി കേന്ദ്ര നേതൃത്വം നടത്തുന്നത്.