"മദ്യനിർമാണശാല കർഷകരിൽ ആശങ്ക ഉണ്ടാക്കി"; സർക്കാരിനെ വിമർശിച്ച് സിപിഐ മുഖപത്രം

പാലക്കാട്ടെ ബ്രൂവറി പ്ലാൻ്റ് കൃഷിക്കാരിലും കർഷകത്തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്
"മദ്യനിർമാണശാല കർഷകരിൽ ആശങ്ക ഉണ്ടാക്കി"; സർക്കാരിനെ വിമർശിച്ച് സിപിഐ മുഖപത്രം
Published on

എലപ്പുള്ളി മദ്യനിർമാണ ശാലയ്ക്ക് അനുമതി നൽകിയ സർക്കർ നടപടിക്കെതിരെ സിപിഐ മുഖപത്രം. മദ്യനിർമാണ ശാല കർഷകരിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ജനയുഗം മുഖപത്രത്തിലൂടെ സിപിഐ തുറന്നടിക്കുന്നത്. മദ്യ കമ്പനി ജലം ചൂഷണം ചെയ്താൽ കൃഷിക്ക് ആവശ്യമായ ജലം ലഭിക്കില്ലെന്നും, മലമ്പുഴ ഡാമിലെ ജലം നെൽകൃഷിക്ക് വേണ്ടിയുള്ളതാണെന്നും മുഖപത്രത്തിൽ പറയുന്നു.കൃഷി തടസപ്പെടുത്തുന്ന പദ്ധതികൾ സംസ്ഥാന താൽപര്യത്തിന് നിരക്കുന്നതല്ലെന്നും അനുമതി നൽകിയത് പുനഃപരിശോധിക്കാൻ തയ്യാറാകണമെന്നും ജനയുഗം ആവശ്യപ്പെട്ടു.



ജലചൂഷണത്തിനായി കൊക്കോകോള കമ്പനിയും പെപ്‌സി കമ്പനിയും നടത്തിയ നീക്കങ്ങൾക്കെതിരായുള്ള സമരങ്ങൾ മാതൃകാപരമായിരുന്നു. ജനങ്ങൾ ആ പ്രക്ഷോഭത്തെ പിന്തുണച്ചു. കൃഷിക്കാവശ്യമായ ജലസമ്പത്ത് തട്ടിയെടുക്കാൻ കമ്പനി നടത്തിയ നീക്കങ്ങൾ ജനകീയ ഇടപെടൽ മൂലം പരാജയപ്പെടുകയായിരുന്നു. കൃഷിക്ക് ഉപയോഗിക്കുന്ന വെള്ളം മദ്യ നിർമാണത്തിന് ഉപയോഗിക്കാൻ അനുവദിക്കരുത്. അത്തരം നീക്കത്തിൽ നിന്നും പിൻവാങ്ങണം. ജനങ്ങളുടെ താൽപ്പര്യത്തിന് നിരക്കാത്ത പദ്ധതികൾ ശ്രദ്ധയിൽ പെടുത്തുമ്പോൾ അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും തയ്യാറാവണമെന്നും മുഖപത്രത്തിലൂടെ ജനയുഗം ആവശ്യപ്പെടുന്നു.

പാലക്കാട്ടെ ബ്രൂവറി പ്ലാൻ്റ് കൃഷിക്കാരിലും കർഷകത്തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. എലപ്പുള്ളിയിൽ മദ്യ വ്യവസായത്തിനായി ഒയാസിസ് കമ്പനിക്കാണ് അനുമതി നൽകിയത്. മദ്യമാണോ, അതോ നെല്ലാണോ പാലക്കാട്ടെ നെൽ വയലിൽ നിന്നും ഉൽപ്പാദിപ്പിക്കേണ്ടതെന്ന ചോദ്യവും ഇതിലൂടെ ഉയർന്നു വരുന്നു. കർഷകരുടേയും കർഷക തൊഴിലാളികളുടേയും നാടിൻ്റെയും താൽപ്പര്യം സംരക്ഷിക്കാൻ മദ്യ കമ്പനിക്ക് അനുമതി നൽകിയ തീരുമാനം പുനഃ പരിശോധിക്കണമെന്നാണ് ലേഖനത്തിലെ മുഖ്യ ആവശ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com